
പുനലൂർ: വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുനലൂർ ഹൈസ്കൂൾ വാർഡിൽ ടി.ബി ജംഗ്ഷനിൽ ഇന്ദിരാഭവനിൽ ആർ.രതീഷാണ് (35) മരിച്ചത്. 50 ലക്ഷം രൂപയോളം വേണ്ടിവരുന്ന വൃക്ക മാറ്റിവയ്ക്കലിനും തുടർ ചികിത്സയ്ക്കും നാടൊന്നാകെ ശ്രമിച്ചുവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ബിരിയാണി ചലഞ്ചും നടത്തിയിരുന്നു. എന്നാൽ സഹായത്തിന് കാക്കാതെ രതീഷ് മരണത്തിന് കീഴടങ്ങി.
ആഴ്ചയിൽ മൂന്ന് ഡയാലിസിസാണ് നടത്തിയിരുന്നത്. ഇന്നലെ ഡയാലിസിസിന് ശേഷം രതീഷിന് ഹൃദയാഘാതം ഉണ്ടാവുകയും ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു സംഭവം. സംസ്കാരം നടത്തി. ഡ്രൈവറായിരുന്നു രതീഷ്. ആതിരയാണ് ഭാര്യ. മക്കൾ: അവന്തിക, അളകനന്ദ. അച്ഛൻ: രാജൻ. അമ്മ: ശകുന്തള.