പത്തനാപുരം: തലവൂർ ഗ്രാമ പഞ്ചായത്ത് വീണ്ടും പുരസ്കാര നിറവിൽ. സംസ്ഥാന സർക്കാർ ഹരിത കേരള പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പച്ചതുരുത്ത് പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടപ്പിലാക്കിയതിനാണ് മുഖ്യമന്ത്രിയുടെ പുരസ്കാരം കൊല്ലം ജില്ലാ തലത്തിൽ പഞ്ചായത്ത് കരസ്ഥമാക്കിയത്. 'ദേവഹരിതം പച്ചതുരുത്ത്' ഇനത്തിൽ തലവൂർ തൃക്കൊന്നമർകൊട് ദേവസ്വത്തിൽ സ്ഥാപിച്ച പച്ചതുരുത്തിനാണ് ജില്ലയിൽ ഒന്നാം സ്ഥാനം നേടാൻ പഞ്ചായത്തിന് കഴിഞ്ഞത്.തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.കലാദേവി പുരസ്കാരം ഏറ്റുവാങ്ങി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ആനന്ദവല്ലി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ നിഷ മോൾ, സുധ ജെ.അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുലോചന, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.രശ്മി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ആരോഗ്യ മേഖലയിലെ കായകൽപ്പ പുരസ്കാരത്തിനും തലവൂർ ഗ്രാമ പഞ്ചായത്ത് സംസ്ഥാന തലത്തിൽ നേരത്തെ അവാർഡ് നേടിയിരുന്നു.