sd

മാസങ്ങൾ പിന്നിട്ടിട്ടും അനങ്ങാതെ അധികൃതർ

കൊല്ലം: കൊല്ലം തിരുമംഗലം ദേശീയപാതയിൽ തിരക്കേറിയ ഇളമ്പള്ളൂർ ജംഗ്ഷനിലെ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.

ഇളമ്പള്ളൂർ മുതൽ കുണ്ടറ ആശുപത്രി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. രാത്രി 9 ന് ശേഷം പാതയോരത്തെ കടകളടച്ചു കഴിഞ്ഞാൽ ജംഗ്ഷൻ കൂരിരുട്ടിലാകും. റോഡിലുടനീളം ഇലക്ട്രിക് പോസ്റ്റുകൾ ഉണ്ടെങ്കിലും വിരലിലെണ്ണാവുന്നവയിൽ മാത്രമാണ് പ്രകാശമുള്ളത്. വാഹനങ്ങളുടെ വെട്ടമാണ് കാൽനട യാത്രക്കാർക്ക് തെല്ലൊരാശ്വാസം. സുരക്ഷിതമായി കാൽനട യാത്രക്കാർക്ക് റോഡ് മറികടക്കാനും പ്രയാസമേറെയാണ്. വാഹനങ്ങളുടെ വെളിച്ചത്തെ മാത്രം ആശ്രയിച്ചാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്.

കാർ- ഓട്ടോ- ടാക്സി സ്റ്റാൻഡുകളെല്ലാം രാത്രിയിൽ ഇരുട്ടിലാവും. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഇളമ്പള്ളൂർ, മുക്കട, കുണ്ടറ ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇടറോഡുകളിലേക്ക് പ്രവേശിക്കാൻ പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിര ഉണ്ടാകാറുണ്ട്. ഈ സമയങ്ങളിൽ ഇരുട്ടിലാണ് വാഹനങ്ങൾ നിറുത്തിയിടുന്നത്. ഭൂരിഭാഗം പോസ്റ്റുകളിലെയും തെരുവ് വിളക്കുകൾ മാസങ്ങളായി പ്രകാശിക്കുന്നില്ല.

ഹൈമാസ്റ്റ് ലൈറ്റും മിഴിയടച്ചു

ആശുപത്രിമുക്കിൽ നിന്ന് കൊട്ടിയം ഭാഗത്തേക്ക് തിരിയുന്നിടത്ത് സിഗ്നലിൽ റോഡിന്റെ നടുവിലായി സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചിട്ട് മാസങ്ങളാകുന്നു. ഈ ലൈറ്റിന് കേടുപാടുകൾ സംഭവിച്ചപ്പോൾ എത്രയും വേഗം അറ്റകുറ്റപ്പണി നടത്തുമെന്നായിരുന്നു അധികൃതരിുടെ വാഗ്ദാനം. പക്ഷേ ആ ഉറപ്പ് പാഴായി.

 വർഷാവർഷം തെരുവുവിളക്കുകൾക്കായി പഞ്ചായത്ത് ചെലവിടുന്നത് ലക്ഷങ്ങൾ

 കരാറുകാർ തെരുവുവിളക്കുകൾ തെളിക്കാനും സ്ഥാപിക്കുന്ന വിളക്കുകൾക്ക് ഗുണനിലവാരം ഉറപ്പാക്കാനും ശ്രമിക്കാറില്ല

 ലൈറ്റുകൾ പ്രകാശിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവുന്നില്ല

 ഇത് കരാറുകാർക്ക് അനുഗ്രഹമാകുന്നു

ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.ഒരാഴ്ചയ്ക്കകം ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനസജ്ജമാകും

എസ്.ഡി. അഭിലാഷ്, ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ്