കൊല്ലം: ജാതി വ്യവസ്ഥയ്ക്ക് കൂടുതൽ പ്രാധാന്യം ലഭ്യമായി വരുന്ന വർത്തമാന കാലത്ത് ഗുരുദേവ ദർശനത്തിന് പ്രസക്തി വർദ്ധിക്കുന്നതായി മേയർ ഹണി ബെഞ്ചമിൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനത്തോടനുബന്ധിച്ച് കൊല്ലം ശാരദാമഠത്തിൽ നടന്ന ഉപവാസ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലേക്ക് നയിക്കണമെന്ന് ഉദ്ഘോഷിച്ച ഗുരുദേവനെ മനസിലാക്കാൻ യുവതലമുറ തയ്യാറാകേണ്ടിയിരിക്കുന്നു. ഇവരുടെ മാനസിക അവസ്ഥയിൽ വരുന്ന മാറ്റം വളരെ പ്രാധാന്യമർഹിക്കുന്നു. ഗുരുദേവ പാദ സ്പർശനമേറ്റ പുണ്യഭൂമിയായ കൊല്ലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുഗ്രഹീതമാണ്. അവിടെ എത്തുന്ന പുതിയ തലമുറയിൽ ഗുരുദേവ ദർശനത്തെ എത്തിക്കാൻ നമുക്ക് കഴിയണം. അതിനുതകുന്ന പ്രയത്നങ്ങൾ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടത്തണമെന്നും മേയർ കൂട്ടിച്ചേർത്തു. പ്രാർത്ഥന ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ മഹാസമാധി സന്ദേശം നൽകി.

സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്റ് ഗിരീഷ് കേശവൻ അദ്ധ്യക്ഷനായി. എസ്.എൻ എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ. ശശികുമാർ, സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ്.ജെ. ബാബു, എസ്.എൻ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം.എൽ. അനിധരൻ, സാംസ്കാരിക സമിതി സംസ്ഥാന ട്രഷറർ വി. സജീവ്, പ്രൊഫ. കെ.ജയപാലൻ, എൻ .സുഗതറാവു, കെ. ബാലചന്ദ്രൻ, വി. മോഹനൻ, സി.കെ. ശശീന്ദ്രൻ, ഡോ.ബി. കരുണാകരൻ, ഡോ.സി.എൻ. സോമരാജൻ, പ്രൊഫ. ഭുവനചന്ദ്രൻ, എം.സി. രാജിലൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.ബിജു സ്വാഗതവും സാംസ്കാരിക സമിതി ജില്ലാ ട്രഷറർ എൽ.ശിവപ്രസാദ് നന്ദി പറഞ്ഞു