
തൊടിയൂർ: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആതിരയെ (32)യെ കൈ ഞരമ്പ് മുറിച്ച ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ആതിരയുടെ ആൺ സുഹൃത്തായ തഴവ വളാലിൽ ജംഗ്ഷന് വടക്കുവശം കോട്ടൂരേത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജയകൃഷ്ണന്റെ വസതിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
നേരത്തെ കരുനാഗപ്പള്ളി സ്വദേശിയുമായി ആതിരയുടെ വിവാഹം നടന്നിരുന്നു. ഈ ബന്ധത്തിൽ ഏഴു വയസുള്ള മകളുണ്ട്. ആറ് വർഷം മുമ്പ് കക്ക വരുന്നതിനിടയിൽ ഇയാൾ കന്നേറ്റി കായലിൽ മുങ്ങി മരിച്ചു. തുടർന്നാണ് ആതിരയ്ക്ക് താലൂക്ക് ആശുപത്രിയിൽ ജോലി ലഭിച്ചത്. സമീപകാലത്ത് പരിചയപ്പെട്ട ജയകൃഷ്ണനുമായി അടുപ്പത്തിലായ ആതിര മകളെയും കൂട്ടി രണ്ടു ദിവസം മുമ്പാണ് ജയകൃഷ്ണന്റെ വീട്ടിലെത്തിയത്. ആതിരയുടെ മാതാപിതാക്കൾ എത്തി കുട്ടിയെ അവർക്കൊപ്പം കൂട്ടിക്കൊണ്ട് പോയിരുന്നു. ആതിരയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ജയകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തൊടിയൂർ പുലിയൂർ വഞ്ചിതെക്ക് അതിരയിൽ ദേവരാജൻ-ജയശ്രീ ദമ്പതികളുടെ മകളാണ് ആതിര.