കൊല്ലം: ശക്തികുളങ്ങര ബാറിലെ സംഘട്ടനവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 19ന് രാത്രി എട്ടോടെയാണ് സംഭവം. നാല് ബാർ ജീവനക്കാരും മദ്യം വാങ്ങാൻ ചെന്ന രണ്ടുപേരുമാണ് അറസ്റ്റിലായത്. മദ്യം വാങ്ങാനെത്തിയ ശക്തികുളങ്ങര വില്ലേജിൽ പെരുങ്കുഴി ഹൗസിൽ ശബരി സുനിൽ (25), ശക്തികുളങ്ങര പോസ്റ്റ് ഓഫീസ് പരിധിയിൽ ഐശ്വര്യ നഗർ വായിലിതര വീട്ടിൽ അനന്തു എന്ന് വിളിക്കുന്ന അനന്തു ഘോഷ് (27), ബാർ ജീവനക്കാരായ മയ്യനാട് പിണക്കൽചേരിയിൽ തട്ടാമല വയലിൽ പുത്തൻവീട്ടിൽ നിന്നും പള്ളിമുക്ക് യൂനുസ് എൻജിനിയറിംഗ് കോളേജ് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷാനു (28), മയ്യനാട് പടനിലം കുഴിയിൽ കോളനിയിൽ അനന്തു എന്ന് വിളിക്കുന്ന സുരേഷ് കുമാർ (25), തഴുത്തല വടക്കുംകര പടിഞ്ഞാറേച്ചേരിയിൽ ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം മഞ്ജുഷ വീട്ടിൽ ജിതിൻ രാജ് (25), മയ്യനാട് പിണക്കൽച്ചേരിയിൽ വടക്കേമംഗലത്ത് വീട്ടിൽ ആർ.രാകേഷ് (28) എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ശബരി സുനിലും അനന്തഘോഷും മദ്യം ചോദിച്ചപ്പോൾ മദ്യം കൊടുക്കാൻ താമസിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മദ്യം വാങ്ങുന്നതിന് താമസം ഉണ്ടായപ്പോൾ പ്രതികൾ ചോദ്യം ചെയ്യുകയും അക്രമാസക്തരാവുകയും ചെയ്തതിനെ തുടർന്ന് ബാർ ജീവനക്കാർ ബിയർ കുപ്പിയും കൗണ്ടറിൽ ഉണ്ടായിരുന്ന പ്ലെയറും മറ്റുപയോഗിച്ച് ശബരി സുനിലിനെയും അനന്തകോഷിനെയും മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവർ തിരിച്ചും ബാർ ജീവനക്കാരെ ആക്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു.

ശബരി സുനിലിനും അനന്ത ഗോഷിനും തലയ്ക്ക് പരിക്കേൽക്കുകയും ബാർ ജീവനക്കാർക്ക് കൈക്കും മറ്റും പരിക്കേൽക്കുകയും ചെയ്തു. മനപ്പൂർവമല്ലാത്ത നരത്യാശ്രമത്തിന് രണ്ട് കേസുകൾ ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാവിലെ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശക്തികുളങ്ങര എസ്.ഐമാരായ ഷബിന, സി.ആർ.സുനിൽ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.