കരുനാഗപള്ളി : ലാലാജി ജംഗ്ഷൻ മുതൽ പണിക്കർകടവ് റോഡിൽ കുറ്റിക്കാട്ട് ജംഗ്ഷൻ മുതൽ അയണിവേലിക്കുളങ്ങര വില്ലേജ് ഓഫീസ് ജംഗ്ഷൻ വരെയുള്ള ഓടയുടെ നിർമ്മാണം ഒരു വർഷമായിട്ടും പൂർത്തിയാകാത്തത് ജനജീവിതത്തിന് ദുരിതമായി. തിരക്കേറിയ ഈ റോഡിൽ ഓട നിർമ്മിക്കാൻ ആഴത്തിൽ കുഴിച്ച കുഴി ഇരുചക്രവാഹനങ്ങൾക്ക് വലിയ അപകടഭീഷണി ഉയർത്തുന്നു. നിരവധി ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
പൗരസമിതിയുടെ ഇടപെടൽ
ഓടയുടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് പൗരസമിതി യോഗം പ്രമേയം പാസാക്കി. ഓടയുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു. പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർഗ്ഗീസ് മാത്യു കണ്ണാടിയിൽ, വി.കെ. രാജേന്ദ്രൻ, നാസർ പോച്ചയിൽ, അമ്പുവിള ലത്തീഫ്, നൗഷാദ് തേവറ, പി.വി. ബാബു, വി. ബാബു, റഷീദ് പുതുവിട് തുടങ്ങിയവർ സംസാരിച്ചു.
അപകടങ്ങൾ തുടർക്കഥ
റോഡിന്റെ ഒരു വശത്തുള്ള ഈ തുറന്ന കുഴി, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ളതിനാൽ, കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ അപകടകരമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.