salini

പുനലൂർ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ മകന്റെ കൺമുന്നിൽ വച്ച് കുത്തിക്കൊന്ന ഭർത്താവ് ഫേസ്ബുക്കിൽ ലൈവിട്ട ശേഷം പൊലീസിൽ കീഴടങ്ങി. ഡി.എം.കെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി പുനലൂർ കലയനാട് കൂത്തനാടി ചരുവിള പുത്തൻ വീട്ടിൽ (ഷെബിൻ വിലാസം) ശാലിനിയാണ് (39) കൊല്ലപ്പെട്ടത്. ഭർത്താവ് ഐസക്ക് മാത്യുവാണ് (44) കീഴടങ്ങിയത്.

ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. അൺ എയ്ഡഡ് സ്കൂളിൽ ആയയായി ജോലി ചെയ്യുന്ന ശാലിനിയും റബർ ടാപ്പിംഗ് തൊഴിലാളിയായ ഐസക്കും തമ്മിൽ വഴക്ക് പതിവായിരുന്നു. മാതാവ് ലീലയ്ക്കൊപ്പം സ്വന്തം വീടിനടുത്തുള്ള കുടുംബവീട്ടിലാണ് ശാലിനി അടുത്തിടെയായി രാത്രി ഉറങ്ങിയിരുന്നത്. ജോലിക്ക് പോകാനുള്ള ഒരുക്കത്തിന് വീട്ടിലേക്ക് വന്ന ശാലിനിയും ഐസക്കും തമ്മിൽ ഇന്നലെ രാവിലെ വാക്കേറ്റമുണ്ടായി. ഇതിനിടെ, സ്റ്റീൽ കത്തി ഉപയോഗിച്ച് ശാലിനിയുടെ നെഞ്ചിലും കഴുത്തിന്റെ പിൻഭാഗത്തും കുത്തുകയായിരുന്നു. പ്ലസ് ടു കഴിഞ്ഞ മൂത്ത മകൻ ഷെബിനും വീട്ടിലുണ്ടായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ശാലിനി നിലത്ത് രക്തം വാർന്ന് കിടക്കുകയായിരുന്നു.ഉടൻ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഐസക്ക് ഒരു മണിക്കൂറിന് ശേഷം സമീപത്തെ റബർ പുരയിടത്തിൽ നിന്നാണ് ഫേസ് ബുക്ക് ലൈവിട്ടത്. തുടർന്ന് , പുനലൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഐസക് ഉപദ്രവിക്കുന്നതായി ശാലിനി പലതവണ പുനലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഇരുവരെയും വിളിപ്പിച്ച് രമ്യതയാക്കി വിടുമായിരുന്നു. ഏഴാം ക്ലാസുകാരനായ ഇളയമകൻ മകൻ എബിൻ ശാലിനിക്കൊപ്പം കുടുംബ വീട്ടിലാണ് ഉറങ്ങുന്നത്. എബിൻ ഇന്നലെ വീട്ടിലേക്ക് വന്നിരുന്നില്ല.
കൊല്ലം റൂറൽ എസ്.പി ടി.കെ.വിഷ്ണു പ്രദീപ്, പുനലൂർ സി.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. പാരിപ്പള്ളി മെ‌ഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ശാലിനിയുടെ മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈകിട്ട് ഐസക്കുമായി നടത്തിയ തെളിവെടുപ്പിൽ, കുത്താനുപയോഗിച്ച കത്തി പൊലീസ് സമീപത്തെ റബർ കാട്ടിൽ നിന്നും കണ്ടെടുത്തു. ഐസക്കിനെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

'എന്റെ ഭാര്യയെ

കൊന്നുകളഞ്ഞു"

'വളരെ വിഷമകരമായ കാര്യമാണ് ഞാൻ പറയുന്നത്, എന്റെ ഭാര്യയെ കൊന്നുകളഞ്ഞു' എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് ലൈവ് ആരംഭിക്കുന്നത്.മൂത്ത മകൻ ക്യാൻസർ രോഗിയാണെന്നും കുട്ടികളുടെ കാര്യത്തിൽ ഭാര്യയ്ക്ക് ശ്രദ്ധയില്ലെന്നും ഐസക്ക് ആരോപിക്കുന്നു. രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നതിനെ എതിർത്തിട്ടും അതുമായി ഭാര്യ മുന്നോട്ടു പോയി. വീട് നിർമ്മിച്ചത് താനാണെന്നും, ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടെന്നും

ഐസക് പറഞ്ഞു.