
കൊട്ടാരക്കര: വികസിതഭാരതം ലഹരിമുക്ത യൗവനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര യുവജനകാര്യമന്ത്രാലയവും മൈഭാരത് പ്ലാറ്റ്‌ഫോമും സംയുക്തമായി സംഘടിപ്പിച്ച നഷാ മുക്ത് യുവ യൂത്ത് സ്പിരിച്ച്വൽ സമ്മിറ്റ് കൊട്ടാരക്കര ശാന്തിഗിരി ആശ്രമത്തിൽ ഇൻചാർജ് സ്വാമി നിത്യചൈതന്യൻ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.
വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഇ.അനീസ, പ്രിവന്റീവ് ഓഫീസർ ജോർജ് ജോസി എന്നിവർ സംസാരിച്ചു. യുവതലമുറ ലഹരിക്ക് അടിമപ്പെടുന്നതിന്റെ അനുഭവങ്ങൾ ഔദ്യോഗിക ജീവിതത്തിൽ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഇ.അനീസ പറഞ്ഞു. മാതാപിതാക്കൾ കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറിയാൽ ലഹരിയിൽ നിന്ന് യുവതലമുറയെ രക്ഷിക്കാമെന്ന് ജോർജ് ജോസി അഭിപ്രായപ്പെട്ടു. ശാന്തിഗിരി ശാന്തിമഹിമ പുനലൂർ ഏരിയ കോ ഓഡിനേറ്റർ എസ്.സച്ചു ജീവിതത്തെ ലഹരിയായി കാണണമെന്നും മറ്റ് ലഹരികൾ ജീവിതമെന്ന ലഹരിക്ക് മുകളിലാവരുതെന്ന് ലളിതമായി ഓർമിപ്പിച്ചു.
ശാന്തിഗിരി ആശ്രമം അഡ്വൈസർ (ഫിനാൻസ്) കെ.രമണൻ, ശാന്തിഗിരി ശാന്തിമഹിമ കോ ഓഡിനേറ്റർമാരായ സത്യജിത്ത്, ശാന്തിമിത്രൻ, ശാന്തിഗിരി ഗുരുമഹിമ കൊട്ടാരക്കര ഏരിയ കൺവീനർ മുക്ത സുരേഷ്, പുനലൂർ ഏരിയ കൺവീനർ കാർത്തിക എന്നിവർ പങ്കെടുത്തു.