ccc
ജോൺ വർഗ്ഗീസിന്റെ പുരയിടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടം നശിപ്പിച്ച കൃഷികൾ

പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചെമ്പനരുവി, കടമ്പുപാറ, മൈക്കാമൺ തുടങ്ങിയ ജനവാസ മേഖലകളിലാണ് കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മൈക്കാമൺ കത്തോലിക്കാ പള്ളിക്ക് സമീപമുള്ള പതാലിൽ വീട്ടിൽ ജോൺ വർഗീസിന്റെ പുരയിടത്തിലെ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. 15ഓളം കുലച്ച വാഴകൾ, തെങ്ങ്, കമുക് തുടങ്ങിയ വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കാട്ടാനകൾക്ക് പുറമെ, പുലി, കാട്ടുപന്നി, കാട്ടുകുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യവും ഈ മേഖലയിൽ രൂക്ഷമാണ്. കഴിഞ്ഞ ആഴ്ച കടമ്പുപാറയിലെ നമ്പ്യാർ മഠത്തിൽ തങ്കച്ചന്റെ വീട്ടിൽ കെട്ടിയിരുന്ന വളർത്തുനായയെ പുലി കടിച്ചിരുന്നു. വന്യമൃഗശല്യം രൂക്ഷമായിട്ടും ഇതിനെ തടയാൻ ബന്ധപ്പെട്ട അധികാരികൾ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർക്ക് വ്യാപകമായ പ്രതിഷേധമുണ്ട്.