sd

കൊല്ലം: മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. നീണ്ടകര പന്നയ്ക്കൽ തുരുത്തിൽ വടക്കേയറ്റത്ത് വീട്ടിൽ അമ്മാച്ചൻ രതീഷ് എന്ന രതീഷാണ് (42) അറസ്റ്റിലായത്. 21ന് രാവിലെ പത്തോടെ നീണ്ടകര പന്നയ്ക്കൽ തുരുത്തിലാണ് സംഭവം. രാജേഷ് ഭവനിൽ രാജേഷിനെയാണ് ഇയാൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയായ രതീഷും ഇയാളുടെ ഭാര്യാ സഹോദരനും തമ്മിൽ മുമ്പ് തർക്കം ഉണ്ടായപ്പോൾ രാജേഷ് അതിൽ ഇടപെട്ടിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണം. രതീഷ് രാജേഷിനെ ചീത്ത വിളിച്ചുകൊണ്ട് മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രതീഷ്. ചവറ പൊലീസ് സ്റ്റേഷന്റെ ചാർജ് വഹിക്കുന്ന തെക്കുംഭാഗം ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അർജുൻ ജിത്ത്, എ.എസ്.ഐ പ്രമോദ്, സി.പി.ഒമാരായ അരുൺഘോഷ്, പ്രതീഷ്, സുധീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.