കൊല്ലം: കൊല്ലം-ചെങ്കോട്ട പാതയിൽ വനമേഖലയിൽ ട്രെയിൻ വേഗത വൈകാതെ ഉയരും. ഡൽഹിയിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയത്.
കൊല്ലം-ചെങ്കോട്ട റെയിൽപാതയുടെ ഗേജ് മാറ്റത്തിനും വൈദ്യുതീകരണത്തിനുമായി 420 കോടിയോളം രൂപ ചെലവിട്ടിട്ടും അതിന് ആനുപാതികമായ തരത്തിൽ ലൈൻ പ്രയോജനപ്പെടുത്തുന്നതിനോ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനോ തയ്യാറാകുന്നില്ലെന്ന ആശങ്ക എം.പി യോഗത്തെ ധരിപ്പിച്ചു.
ഈ റൂട്ടിലെ റെയിൽവേ പ്ലാറ്റ്ഫോമുകളുടെ നീളം വർദ്ധിപ്പിക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തീകരിച്ച് ട്രെയിനുകളുടെ ബോഗികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗേജ് കൺവേർഷന് മുമ്പുണ്ടായിരുന്ന മുഴുവൻ ട്രെയിനുകളും പുനഃസ്ഥാപിക്കണമെന്നും പുതുതായി കൊങ്കൺവഴി മംഗലാപുരം-മുംബയ് സി.എസ്.ടി - തിരുനെൽവേലി ട്രെയിൻ, ബംഗളൂരു എസ്.എം.വി.ടി-തിരുവനന്തപുരം നോർത്ത് താംബരം ഡെയ്ലി എക്സ്പ്രസ്, മൈലാടുംതുറൈ-കൊല്ലം പാസഞ്ചർ/മെമു, കൊല്ലം-ചെങ്കോട്ട പാസഞ്ചർ, മധുര-ചെങ്കോട്ട - ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ അനുവദിക്കണമെന്നും എം.പി ചർച്ചയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പ്
കൊല്ലം-ചെങ്കോട്ട റൂട്ടിൽ ട്രെയിനുകളുടെ വേഗത ഉയർത്തും
ഐ.സി.എഫ് കോച്ചുകൾക്ക് പകരമായി എൽ.എച്ച്.ബി കോച്ചുകൾ
പ്രകൃതിരമണീയത ആസ്വദിക്കാൻ വിസ്റ്റോഡാം കോച്ച്
വിസ്റ്റാഡോം കോച്ചുകളുടെ നിർമ്മാണം പുരോഗമിക്കുന്നു
കൊല്ലം-ചെങ്കോട്ട പാത കൂടുതൽ പ്രയോജനപ്പെടുത്താനുള്ള നിർദ്ദേശങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. കൊല്ലം റെയിൽവേ സ്റ്റേഷന്റെ സമഗ്ര പുനർനിർമ്മാണം, ആർ.ഒ.ബികൾ ഉൾപ്പടെ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗത്തിന്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകനയോഗം ഉടൻ ചേരും.
എൻ.കെ. പ്രേമചന്ദ്രൻ എം.പി