cc
കല്ലട ചുണ്ടൻ

പടിഞ്ഞാറെകല്ലട: സ്വന്തമായി ഒരു ചുണ്ടൻവള്ളം എന്ന കല്ലട നാടിന്റെയും ജലോത്സവ പ്രേമികളുടെയും സ്വപ്നം യാഥാർത്ഥ്യമായി. കല്ലട ചുണ്ടൻ വള്ളസമിതി രൂപീകരിച്ച ശേഷം വർഷങ്ങളായുള്ള അവരുടെ ശ്രമങ്ങൾക്കാണ് കഴിഞ്ഞ വർഷം ഫലം കണ്ടത്. കഴിഞ്ഞ ദിവസം കല്ലടയാറ്റിലെ കാവി കടവിൽ നീറ്റിലിറക്കിയ ചുണ്ടൻവള്ളം കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കല്ലട വള്ളംകളിയുടെ ശിൽപികളെ ആദരിച്ചു. കിഴക്കേക്കല്ലട, പടിഞ്ഞാറെ കല്ലട, മൺറോത്തുരുത്ത് പഞ്ചായത്തുകളിലെ ജലോത്സവ പ്രേമികൾ, വിവിധ ബോട്ട് ക്ലബ്ബ് ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങൾ, കല്ലട സൗഹൃദം കൂട്ടായ്മയുടെ ഭാരവാഹികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റായ കാരു ത്ര കടവിൽ 250ഓളം പേർക്ക് വള്ളസദ്യയും ഒരുക്കിയിരുന്നു.

വള്ളസമിതി രൂപീകരിച്ചു

2010ൽ മൺറോത്തുരുത്ത് വേലൻ ചരുവിൽ രാജുവിന്റെയും സന്തോഷ് അടൂരാന്റെയും നേതൃത്വത്തിലാണ് കല്ലട ചുണ്ടൻ വള്ളസമിതി രൂപീകരിച്ചത്. കഴിഞ്ഞ വർഷം ആറന്മുള റാന്നി കീക്കോഴൂർ കരക്കാരുടേതായിരുന്ന പള്ളിയോടം വിലയ്ക്ക് വാങ്ങി. മൺറോത്തുരുത്തിൽ കൊണ്ടുവന്ന ശേഷം അണിയവും അമരവും പൊക്കം കുറച്ച് ഇതിനെ ചുണ്ടൻവള്ളമാക്കി മാറ്റുകയായിരുന്നു.

കല്ലട ചുണ്ടൻവള്ളം ഹാട്രിക് ഉൾപ്പെടെ 12 തവണ മന്നം ട്രോഫിയും ആലപ്പുഴ നെഹ്റു ട്രോഫിയിൽ യു.ബി.സി. കൈനകരിയുടെ കൈക്കരുത്തിൽ നെഹ്റു ട്രോഫിയും കരസ്ഥമാക്കിയിട്ടുണ്ട് .

സന്തോഷ് അടൂരാൻ

പ്രസിഡന്റ് (വള്ളസമിതി )