കൊട്ടാരക്കര: അരിവാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് പലചരക്ക് കടയിൽ നിന്ന് നാൽപ്പതിനായിരം രൂപ കവർന്നു. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് കോട്ടാത്തല മൂഴിക്കോട് ജംഗ്ഷനിൽ ജയദേവന്റെ ജയാ സ്‌റ്റോറിലായിരുന്നു മോഷണം. ആറു ചാക്ക് അരിവേണമെന്നാവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. അരിയെടുക്കുന്നതിന് മുമ്പായി അഞ്ഞൂറ് രൂപയുടെ ചില്ലറ ആവശ്യപ്പെട്ടു. ചില്ലറ നൽകിയശേഷം അരി ചാക്കുകൾ എടുക്കാനായി ഉടമ കടയുടെ പിന്നിലേക്ക് പോയപ്പോഴാണ് മേശയിലുണ്ടായിരുന്ന പണം കവർന്ന് യുവാവ് ഓടിക്കളഞ്ഞത്. മുപ്പത്തിയഞ്ച് വയസ് വരുന്ന യുവാവാണ് മോഷണം നടത്തിയത്. രണ്ടാഴ്ച മുമ്പ് മൈലത്ത് യുവതി നടത്തുന്ന വസ്ത്ര വ്യാപാര ശാലയിലും കുണ്ടറയിൽ രണ്ട് കടകളിലും സാധനം വാങ്ങാനെന്ന വ്യാജേന എത്തിയവർ മോഷണം നടത്തിയിരുന്നു.