
ചവറ: ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു. തിങ്കളാഴ്ച മൂന്നോടെ അരിനല്ലൂർ കലാരഞ്ജിനി ക്ലബിന് സമീപമായിരുന്നു അപകടം. സുഹൃത്തുക്കൾ ചേർന്ന് മറ്റൊരു സുഹൃത്തിന്റെ കാറെടുത്ത് തേവലക്കര അരിനല്ലൂരിലേക്ക് വരുന്നതിനിടയിലായിരുന്നു അപകടം. കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് പെട്ടെന്ന് കാർ നിറുത്തി പുറത്തേക്ക് ഇറങ്ങിയതോടെ തീ പടരുകയായിരുന്നു. പെട്ടെന്ന് തന്നെ രണ്ടു പേരും ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചവറ അഗ്നി രക്ഷാ സേനയെത്തി മറ്റിടങ്ങളിലേക്ക് തീ പടർന്നുപിടിക്കുന്നതിന് മുമ്പ് തീ അണച്ചു.