
കൊല്ലം: പെരിനാട് കലാവേദി കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് ആർ.കെ.നാരായണപിള്ളയുടെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ജില്ലയിലെ മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള ആർ.കെ.നാരായണപിള്ള പുരസ്‌കാരത്തിന് വെട്ടിക്കവല ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം അർഹനായി. ജില്ല കൗൺസിൽ വൈസ് പ്രസിഡന്റും പുരോഗമന കഥാപ്രസംഗ സംഘടനയുടെ സംസ്ഥാന പ്രസിഡന്റും കാഥികനുമായിരുന്ന കടവൂർ ബാലന്റെ സ്‌മരണാർത്ഥം കലാ-സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനത്തിന് ഏർപ്പെടുത്തിയിട്ടുള്ള കടവൂർ ബാലൻ പുരസ്കാരത്തിന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനുമായ കെ.ബി.മുരളീകൃഷ്‌ണൻ അർഹനായി.
തൃക്കടവൂർ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും പത്രാധിപരുമായിരുന്ന കടവൂർ സി.കെ.ഗോവിന്ദപിള്ളയുടെ സ്‌മരണാർത്ഥം കൊല്ലം കോർപ്പറേഷനിലെ മികച്ച കൗൺസിലർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സി.കെ.ഗോവിന്ദപ്പിള്ള പുരസ്‌കാരത്തിന് മതിലിൽ ഡിവിഷൻ കൗൺസിലർ ടെൽസാ തോമസ് അർഹയായി.
കലാവേദിയുടെ 57-ാം വാർഷികവും നവരാത്രി മഹോത്സവും 29 മുതൽ ഒക്ടോബർ 2 വരെ നടക്കും. ഒക്ടോബർ 2ന് നടക്കുന്ന പൊതുസമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി അവാർഡുകൾ സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ മുഖ്യപ്രഭാഷണവും സിനിമാതാരം രാജേഷ് ശർമ്മ മുഖ്യാതിഥിയുമായിരിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. കെ.പി.സജിനാഥ്, മുൻ കൗൺസിലർ എം.എസ്.ഗോപകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തും. കലാവേദി ചെയർമാൻ ആർ.സജീവ്‌കുമാർ അദ്ധ്യക്ഷനാകും. പെരിനാട് പ്രദേശത്തെ 15 ഓളം പ്രതിഭകളെ ആദരിക്കും. രാത്രി 8ന് തിരുവനന്തപുരം സാഹിതി തീയേറ്റേഴ്‌സിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നാടകം അരങ്ങേറും. 30ന് വൈകിട്ട് 5.30ന് വാർഷികാഘോഷവും നവരാത്രി മഹോത്സവും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി.ജഗതിരാജ് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് ബി.ദീപക് അദ്ധ്യക്ഷനാകും. രാത്രി 7ന് സംഗീതജ്ഞൻ ആനയടി പ്രസാദിന്റെ സംഗീതസദസ്. ഒക്ടോബർ 2ന് വൈകിട്ട് 6ന് കലാവേദി അവതരിപ്പിക്കുന്ന നൃത്തോത്സവവും രാത്രി 7.30ന് ജില്ലാതല നാടോടി നൃത്തമത്സരവും ജൂനിയർ സീനിയർ വിഭാഗത്തിൽ നടക്കും. തുടർന്ന് പ്രശസ്‌ത കാഥികൻ ഡോ.വസന്തകുമാർ സാംബശിവൻ കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കും. കലാവേദി റിഥം മ്യൂസിക്ക് ആൻഡ്റ് ഡാൻസ് സ്കൂളിലെ അദ്ധ്യാപകർ കലാപഠനത്തിനുള്ള തുടക്കവും കുറിക്കും