കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.വി.പത്മരാജന്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗിക ബഹുമതി നൽകാൻ സർക്കാർ വിസമ്മതിച്ചതിന് പിന്നിൽ രാഷ്ട്രീയമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ആരോപിച്ചു. ആക്ടിംഗ് മുഖ്യമന്ത്രി പദവി വഹിച്ചിരുന്ന, എതിരാളികൾ പോലും ആദരിച്ചിരുന്ന സൗമ്യനായ മുതിർന്ന നേതാവിന് അർഹിക്കുന്ന രീതിയിലുള്ള യാത്രഅയപ്പ് നൽകാത്തത് മര്യാദകേടും അനാദരവുമാണെന്ന് ബിന്ദുകൃഷ്ണ കൂട്ടിച്ചേർത്തു. ഗാർഡ് ഒഫ് ഓണറിനൊപ്പം ആചാരവെടി മുഴക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പെർമിഷൻ നിഷേധിച്ചത് കൊണ്ടാണ് പൂർണ ഔദ്യോഗിക ബഹുമതി നൽകാൻ സാധിക്കാതിരുന്നത്. മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവരുടെ മരണാനന്തര ചടങ്ങിൽ ആചാര വെടി മുഴക്കാൻ ഉത്തരവിട്ട മുഖ്യമന്ത്രി സി.വി.പത്മരാജന്റെ മൃതദേഹത്തോട് മുഖം തിരിച്ചത് ന്യായീകരിക്കാൻ കഴിയാത്തതാണെന്നും രാഷ്ട്രീയ കേരളം പുലർത്തിവന്ന മര്യാദയ്ക്ക് എതിരാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.