പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണം
പുത്തൂർ: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ പുത്തൻ കെട്ടിടത്തിന്റെ നിർമ്മാണം പാതിവഴിയിൽ. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 3.90 കോടി രൂപ ചെലവിലാണ് ബഹുനില കെട്ടിടം നിർമ്മിക്കുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ തുടങ്ങിയത്. ഇടയ്ക്ക് പൂർണമായും നിർമ്മാണം നിറുത്തിവച്ചിരുന്നു. പിന്നീട് നിർമ്മാണ ജോലികൾ വേഗത്തിലാവുകയും ചെയ്തു. എന്നാലിപ്പോൾ വീണ്ടും മന്ദഗതിയിലേക്ക് നീങ്ങുന്നതായാണ് പരാതികൾ.
ഒരു ഭാഗത്ത് മൂന്ന് നിലകളും പ്രവേശന കവാടത്തിന്റെ ഭാഗത്ത് രണ്ട് നിലകളുമുള്ള കെട്ടിടമാണ് പൂർത്തിയാവുക.
ലിഫ്ട് സംവിധാനമടക്കമുള്ള അത്യാധുനിക സൗകര്യങ്ങളുമുണ്ടാകും.
താഴത്തെ നിലയിൽ ഓഡിറ്റോറിയവും ഒന്നാം നിലയിൽ ഹൈസ്കൂൾ ലാബുകളും ക്രമീകരിക്കും.
മുകളിലത്തെ നിലയിൽ രണ്ട് ക്ളാസ് മുറികൾ സജ്ജമാക്കും.
ഈ തുകയിൽ ഉൾപ്പെടുത്തിക്കൊണ്ടുതന്നെ കെട്ടിടത്തിന്റെ പിന്നിലായി അടുക്കളയും വർക്ക് ഏരിയയും നിർമ്മിക്കുന്നുണ്ട്.
130-ാം വാർഷികത്തിലെത്തുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടം വരുന്നതോടെ പരിമിതികൾക്ക് പരിഹാരമാകുമെന്നതാണ് പ്രതീക്ഷ.