salim-

കൊല്ലം: പ്രമുഖ ഹോമിയോപ്പതി ചികിത്സകനായ ഡോ. എ.മുഹമ്മദ് സലിമിന് ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ ആതുരസേവനരത്നം 2025 അവാർഡ് മാവേലിക്കര രൂപതാ മുൻ അദ്ധ്യക്ഷൻ മോസ്റ്റ് റവറന്റ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മൈത്രാപ്പൊലീത്ത സമ്മാനിച്ചു.

ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സാമൂഹ്യസർവേയിലൂടെയാണ് അവാർഡിനായി ഡോ. എ.മുഹമ്മദ് സലിമിനെ തിരഞ്ഞെടുത്തത്. ഹോമിയോപ്പതി ബിരുദധാരിയായ ഡോ. എ.മുഹമ്മദ് സലിം, കേരളാ നീതിന്യായ വകുപ്പിൽ സെക്രട്ടറിയായി വിരമിച്ചതാണ്. ഇപ്പോൾ കൊല്ലം തട്ടാമലയിൽ ഹോമിയോപ്പതി ചികിത്സാലയം നടത്തിവരുന്നു. ഹോമിയോപ്പതിയ്ക്ക് പുറമെ സംഗീതവും കൊല്ലം തട്ടാമല സ്വദേശിയായ ഡോ.സലിമിന്റെ ജീവിതചര്യയുടെ ഭാഗമാണ്.

ഹോമിയോപ്പതിയും സംഗീത ചികിത്സയും കൂടി സമന്വയിപ്പിച്ചുള്ള ചികിത്സാരീതിയാണ് ഡോ.സലിം പിന്തുടരുന്നത്. ഗാനഗന്ധർവൻ ഡോ.കെ.ജെ.യേശുദാസ് ഉൾപ്പടെ കേരളത്തിലെ പ്രശസ്‌തരായ പല സംഗീതജ്ഞരുമായി ഡോ. സലിം അടുത്ത സൗഹൃദം പുലർത്തുന്നു.

അനേകം സംഗീത വിരുന്നുകളിലും സംഗീത ആൽബങ്ങളിലും പാടിയിട്ടുണ്ട്. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ആരോഗ്യപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ഡോ. സലിം മലയാളത്തിലെ പ്രമുഖ ആരോഗ്യമാസികകളിൽ ആരോഗ്യസംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്. ആകാശവാണിക്ക് പുറമെ കൊല്ലം ബിഷപ്പ് ബെൻസിഗർ റേഡിയോയിലും സംഗീതപരിപാടികളും ആരോഗ്യപരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. സംഗീത ചികിത്സയിൽ ഗവേഷണ ബുദ്ധിയോടെ പ്രവർത്തിക്കുന്ന ഡോ.സലിം ഇതിനെ കൂടുതൽ ജനകീയമാക്കാനുള്ള ശ്രമത്തിലാണ്.

നിയമ വകുപ്പിൽ നിന്ന് അഡീഷണൽ സെക്രട്ടറിയായി വിരമിച്ച അഡ്വ. തട്ടാമല എം.അബ്‌ദുൾ അസീസിന്റെയും രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഇൻസ്പെക്ട‌ർ ജനറലായി വിരമിച്ച എ.സുബൈദാ കുഞ്ഞിന്റെയും മകനാണ്. ഭാര്യ:എ.റഹുമത്ത് ബീഗം (സിവിൽ സപ്ലൈസ് കോർപ്പറേഷൻ). എം.മുഹമ്മദ് റാഫി (ബി.ടെക്ക് വിദ്യാർത്ഥി), മുഹമ്മദ് സബീഹ് (എട്ടാം ക്ലാസ് വിദ്യാർത്ഥി) എന്നിവർ മക്കൾ.