കൊല്ലം: കേരള ലോട്ടറിയുടെ അയ്യായിരം രൂപയുടെ ഉൾപ്പടെയുള്ള സമ്മാനങ്ങളും തൊഴിലാളികളുടെ ഡി.സി കമ്മിഷനും ഏജന്റ് കമ്മിഷനും വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ജില്ലാ ലോട്ടറി ഓഫീസുകൾക്ക് മുന്നിൽ സമരം നടത്താൻ ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ലോട്ടറിയുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമാക്കിയതിന്റെ മറവിലാണ് സംസ്ഥാന സർക്കാർ ലോട്ടറി മേഖലയെ തകർക്കുന്ന തീരുമാനം എടുത്തിട്ടുള്ളത്. ജി.എസ്.ടിയുടെ 20 ശതമാനം സംസ്ഥാന സർക്കാരിന് ലഭിക്കുമെന്നതുകൊണ്ട് ഇപ്പോൾ കേരള സർക്കാർ പ്രഖ്യാപിച്ച 40 പൈസയുടെ സബ്സിഡി ഒരു രൂപയാക്കി ലോട്ടറി മേഖല തകരാതെ സംരക്ഷിക്കണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. സർക്കാരെടുത്തിട്ടുള്ള തെറ്റായ നയങ്ങൾക്കെതിരെ അനിശ്ചിതകാല സമരവും ലോട്ടറി ബന്ദും നടത്തുമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് എന്നിവർ അറിയിച്ചു.