ഓയൂർ : കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ ആദ്യത്തെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് വെളിനല്ലൂർ ഗവ. എൽ.പി. സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഒഫ് പൊലീസ് ഷാനിഹാൻ എ.ആർ.ജെ.ആർ.സി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.അൻസർ 'സ്നേഹസ്പർശം പൊതിച്ചോറ്' പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കിരൺ ബാബു അദ്ധ്യക്ഷനായി. ജെ.ആർ.സി സംസ്ഥാന കോർഡിനേറ്റർ ആർ.ശിവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജെ.ആർ.സി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബി. വേണുഗോപാൽ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സിന്ധു,വെളിയം ഉപജില്ല കൺവീനർ ശ്രീലേഖ ,എം.പി.ടി.എ. പ്രസിഡന്റ് ശ്രുതി വിനോദ്, രക്ഷിതാക്കൾ, പി.ടി.എ അംഗങ്ങൾ എന്നിവരും പങ്കെടുത്തു. പ്രഥമാദ്ധ്യാപിക വി.റാണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു.ഷീജ നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പൊതിച്ചോറുകൾ ആവശ്യമുള്ളവർക്ക് നൽകുന്നതാണ് ഈ പദ്ധതി. "ഒരു പൊതിച്ചോറ് പങ്കുവച്ചാൽ, ഒരാൾക്ക് വിശപ്പില്ലാത്ത ഒരു ദിവസം" എന്ന ആശയമാണ് കുട്ടികൾ മുന്നോട്ട് വെക്കുന്നത്. സ്കൂളിന് മുന്നിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ ഇതിനായി ഒരു പെട്ടി സ്ഥാപിച്ചിട്ടുണ്ട്.