പുനലൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പുതിയ സർവീസുകളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ 28ന് ഡിപ്പോ സന്ദർശിക്കുമെന്ന് പി.എസ്.സുപാൽ എം.എൽ.എ അറിയിച്ചു. നേരത്തെ ഡിപ്പോയിൽ നടന്ന അപകടങ്ങളെത്തുടർന്ന് മന്ത്രി നേരിട്ട് സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. "പുനലൂർ ഡിപ്പോയ്ക്ക് അവഗണന, പുതിയ ബസുകളില്ല, വാഗ്ദാനങ്ങൾ മാത്രം" എന്ന തലക്കെട്ടിൽ കേരള കൗമുദിയിൽ വന്ന വാർത്തയിൽ, അക്കാര്യവും പരാമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം.
ഓർഡിനറി സർവീസുകൾ
സന്ദർശന വേളയിൽ പുനലൂരിൽ നിന്ന് പുതുതായി ആരംഭിക്കുന്ന കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ്, ടൗൺ ലിങ്ക് ഓർഡിനറി, കൂടാതെ വിവിധ പ്രദേശങ്ങളിലേക്കുള്ള ഓർഡിനറി സർവീസുകൾ എന്നിവയുടെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രി നിർവഹിക്കും. പുനലൂർ ഡിപ്പോയിൽ ഗ്യാരേജ് ഉൾപ്പെടെയുള്ളവ പുനർനിർമ്മിക്കുന്നതിനായി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ അവലോകന യോഗവും ചേരും.
കൂടുതൽ ബസുകൾ
പുതുതായി വാങ്ങിയ ബസുകളിൽ ഒരു ഫാസ്റ്റ് പാസഞ്ചർ ബസ് പുനലൂർ ഡിപ്പോയ്ക്ക് ഇതിനോടകം അനുവദിച്ചിട്ടുണ്ട്. പുതിയ ബസുകളുടെ അടുത്ത അലോട്ട്മെന്റിൽ രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകളും ഒരു ഓർഡിനറി ബസും ഡിപ്പോയ്ക്ക് ലഭിക്കുമെന്നും ആര്യങ്കാവ്, കുളത്തൂപ്പുഴ ഡിപ്പോകൾക്ക് ഓരോ ഓർഡിനറി ബസുകൾ വീതം അനുവദിക്കുമെന്നും എം.എൽ.എ.യുടെ ഓഫീസ് അറിയിച്ചു.