കൊല്ലം: കല്ലുവാതുക്കൽ ഗവ. എച്ച്.എസ് വിദ്യാർത്ഥികൾക്കുള്ള സ്കൂൾ ബസ് സർവീസിന്റെ സുഗമമായ നടത്തിപ്പിനായി കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് 50000 രൂപ ധനസഹായം നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ അമ്മ എന്റർ പ്രൈസസ് ആൻഡ് ഗോൾഡ് ലോൺസ് മാനേജിംഗ് ഡയറക്ടറും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി.എസ്. സന്തോഷ് കുമാർ ധനസഹായം ഹെഡ്മിസ്ട്രസ് ജെസി വർഗീസിന് കൈമാറി.
കോൺട്രാക്ട് വാഹനം ഉപയോഗിച്ചാണ് കല്ലുവാതുക്കൽ ഗവ.എച്ച്.എസിലെ സ്കൂൾ ബസ് സർവീസ്. സ്കൂൾ ബസിന്റെ ദൈനംദിന ചെലവുകൾക്കായാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ വി.എസ്.സന്തോഷ് കുമാറിന്റെ ധനസഹായം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയാണ് വി.എസ്.സന്തോഷ് കുമാർ നയിക്കുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റ്. അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺസിന്റെ വരുമാനത്തിന്റെ നിശ്ചിത ഭാഗം ഉപയോഗിച്ചാണ് അദ്ദേഹം സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നത്.
കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, അമ്മ ചാരിറ്റബിൾ ട്രസ്റ്റ് കോ- ഓർഡിനറ്റർ വേണു. സി കിഴക്കനേല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.