കൊല്ലം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ബോക്സിംഗ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദ്രോണാചാര്യ അവാർഡ് ജേതാവ് ഡി.ചന്ദ്രലാലിനെ ആദരിക്കുന്നു. 27ന് വൈകിട്ട് 5ന് ചിന്നക്കട ബസ് ബേയിൽ സംഘടിപ്പിക്കുന്ന ചടങ്ങ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇംഗ്ലണ്ടിലെ ലിവർപൂളിൽ നടന്ന വേൾഡ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ചന്ദ്രലാൽ. ദേശീയ വനിതാ ബോക്സിംഗ് പരിശീലന ക്യാമ്പിൽ അംഗമായിരുന്ന കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പരിശീലകനും, കൊല്ലം ജില്ലാ സ്പോർട്സ് അക്കാഡമി പരിശീലകനുമായ ആർ.കെ മനോജ് കുമാറിനെയും ഏഷ്യൻ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ അഖിലിനെയും ചടങ്ങിൽ ആദരിക്കും. ദേശീയതലത്തിൽ മെഡലുകൾ കരസ്ഥമാക്കിയ കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ സ്പോർട്സ് അക്കാഡമിയിലെയും കൊല്ലം സായ് സെന്ററിലെയും കായികതാരങ്ങളെയും ചടങ്ങിൽ അനുമോദിക്കും.

എം.എൽ.എമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്നിവർ പങ്കെടുക്കും. കായിക അസോസിയേഷൻ ഭാരവാഹികളും കായിക പ്രേമികളും കായികതാരങ്ങളും ചടങ്ങിൽ പങ്കെടുക്കണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് അഭ്യർത്ഥിച്ചു.