കൊല്ലം: ഗായകൻ ആശ്രാമം ഉണ്ണിക്കൃഷ്ണന്റെ സംഗീത ജീവിതത്തിന്റെ നാല്പതാം വാർഷികാഘോഷം 25ന് പബ്ളിക് ലൈബ്രറി സോപാനം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജി.ദേവരാജൻ കലാ-സാംസ്കാരിക സമിതിയും കൊല്ലം പൗരാവലിയും ചേ‌ർന്നാണ് 'സംഗീതമേ ജീവിതം' പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9ന് പിന്നണി ഗായകൻ കെ.ജി.മാർക്കോസ് ഉദ്ഘാടനം ചെയ്യും. മാതൃവന്ദനം, ഗുരുവന്ദനം, ആദരിക്കൽ, തബല സോളോ എന്നിവ നടക്കും. ഉച്ചയ്ക്ക് 2ന് ആശ്രാമം ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കുന്ന മധുരഗീതങ്ങൾ, വൈകിട്ട് 4ന് കലാ-സാംസ്കാരിക സമ്മേളനം. എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ എം.നൗഷാദ്, സി.ആർ.മഹേഷ്, സുജിത്ത് വിജയൻ പിള്ള എന്നിവർ പങ്കെടുക്കും. എക്സ്.ഏണസ്റ്റ് അദ്ധ്യക്ഷനാകും. പത്രസമ്മേളനത്തിൽ ആശ്രാമം ഉണ്ണിക്കൃഷ്ണൻ, മനോജ് മണ്ണാശേരി, ഷിബു റാവുത്തർ, സംഗീത് കോയിപ്പാട് എന്നിവർ പങ്കെടുത്തു.