കൊല്ലം: എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത വൃദ്ധൻ ആശുപത്രി വെന്റിലേറ്ററിൽ. കണ്ണനല്ലൂർ നല്ലില സ്വദേശിയാണ് തട്ടിപ്പിനിരയായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് കോട്ടയം നിരണം സ്വദേശിയെ കെ.പി.പുന്നൂസിനെ കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇയാളെ 24 മണിക്കൂർ കഴിഞ്ഞിട്ടും കോടതിയിൽ ഹാജരാക്കിയില്ലെന്നും കസ്റ്റഡിയിൽ നിന്ന് വിട്ടയയ്ക്കാൻ 10 ലക്ഷം രൂപ പൊലീസ് ആവശ്യപ്പെട്ടെന്ന് പുന്നൂസിന്റെ സുഹൃത്തും അഭിഭാഷകനുമായ സതീശ് ആരോപിച്ചു. മാത്രമല്ല ഈ കേസിൽ വൃദ്ധന്റെ മുൻകൂർ ജാമ്യം കോടതി പരിഗണിക്കുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് മറ്റൊരു ആരോപണം. എന്നാൽ കസ്റ്റഡിയിലെടുത്ത വൃദ്ധനെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കണ്ണനല്ലൂരിലെയും പിന്നീട് കൊട്ടിയത്തെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമാണ് പൊലീസ് പറയുന്നത്. വിദഗ്ദ്ധ പരിശോധനയിൽ തലയിലേക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞതായി കണ്ടെത്തി. ഈ വിവരം കോടതിയെ ധരിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തി പുന്നൂസിനെ കണ്ട ജഡ്ജി പൊലീസ് നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിക്കുകയുമായിരുന്നു.