dd

കൊല്ലം: കോർപ്പറേഷനിലെ പാൽക്കുളങ്ങര ഡിവിഷനിലെ പുളിയത്തുമുക്ക് - കല്ലുംതാഴം റോഡിൽ മെറ്റിൽപ്പുറത്തൂടെ ജ​ന​ങ്ങ​ളുടെ ‘സാ​ഹ​സി​ക യാ​ത്ര’. എട്ട് വർഷത്തിലേറെയായി ദുരിതയാത്ര തുടങ്ങിയിട്ട്. നവീകരണത്തിനായി ഇടയ്ക്കിടയ്ക്ക് മെറ്റിൽ നിരത്തുന്നതല്ലാതെ ടാറിന്റെ ഒരംശം പോലും ഇതുവരെ റോഡിൽ വീണിട്ടില്ല.

ഈ ​മെ​റ്റി​ൽ ക​ഷ​ണ​ങ്ങ​ളി​ൽ കൂ​ടി കയറിയിറങ്ങി വേ​ണം ആ​ളു​ക​ൾ​ക്ക് യാ​ത്ര ചെ​യ്യാ​ൻ. നിരവധി വീടുകൾ കൂടാതെ അങ്കണവാടി, കശുഅണ്ടി ഓഫീസ്, വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയും റോഡിനിരുവശത്തുമുണ്ട്. റോഡിലെ ഈഴവ പാലത്തിന്റെ നിർമ്മാണത്തിനും റോഡ് നവീകരണത്തിനുമായി ബഡ്ജറ്റ് ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. പാലം നിർമ്മാണം പൂർത്തിയായെങ്കിലും റോഡ് നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്.

കരാർ ഏറ്റെടുത്തിരുന്നയാളെ മാറ്റിയെങ്കിലും പുതിയ കരാറുകാരനെ കണ്ടെത്താനുള്ള കാലതാമസമാണ് പണികൾ നീണ്ടുപോകാൻ കാരണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. രണ്ടരക്കോടി രൂപ വിനിയോഗിച്ചാണ് നവീകരണം. പൊതുമാരാമത്ത് വകുപ്പിന്റെ അധീനതയിലാണ് റോഡ്. എത്രയും വേഗം ടാറിംഗ് നടത്തി നരകയാത്രയ്ക്ക് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


ചിതറിയ ചീളുകൾ ഭീഷണി

റോഡിൽ മെറ്റൽ ചീളുകൾ ചിതറി കിടക്കുന്നത് മൂലം ഇരുചക്ര വാഹനങ്ങൾ തെന്നി മറിഞ്ഞുള്ള അപകടങ്ങൾ നിത്യസംഭവമാണ്. നിരവധി വാഹനങ്ങളുടെ ടയറും പഞ്ചറാകുന്നുണ്ട്. കാൽനടയാത്രക്കാരും ഭീതിയിലാണ്. പ്രദേശത്തെ നൂറുകണക്കിനാളുകൾ ദേശീയപാതയിലെത്തുന്നത് ഈ റോഡു വഴിയാണ്. ദു​രി​ത​യാ​ത്ര അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജനകീയ കമ്മിറ്റിയുടെയും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യിട്ടും മന്ത്രിക്കും എം.എൽ.എയ്ക്കും കളക്ടർക്കും ഉൾപ്പടെ നിരവധി തവണ പരാതി നൽകിയിട്ടും അനുകൂല നടപടി ഉണ്ടായില്ല.

വർഷങ്ങളായി മെറ്റിലിലൂടെയാണ് യാത്ര. ടാറിടാത്തതിനാൽ ആദ്യം ഇട്ട മെറ്റിൽ മഴയത്ത് ഒലിച്ചുപോകും. പിന്നെയും മെറ്റിൽ നിരത്തും. ഇതാണ് പതിവ്. വരും ദിവസങ്ങളിൽ സമരപരിപാടികളിലേക്ക് കടക്കും.

അയത്തിൽ അപ്പുകുട്ടൻ, പ്രസിഡന്റ്,

എം.ജി.നഗർ റസിഡന്റ്സ് അസോ.

ഉടൻ നടക്കുമെന്ന പതിവ് പല്ലവി കേട്ട് മടുത്തു. അവസാനമായി മെറ്റിൽ പാകിയിട്ട് ഒരുമാസം കഴിഞ്ഞു. നാട്ടുകാരോടുള്ള അവഗണനയാണ് പണി തീരാൻ കാലതാമസമെടുക്കുന്നത്.

ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ്,

എം.ജി.നഗർ റസിഡന്റ്സ് അസോ.

രണ്ടാഴ്ചക്കുള്ളിൽ ടാറിംഗ് ആരംഭിക്കും.

പി.ഡബ്ല്യു.ഡി അധികൃതർ