photo
ഉപയോഗ ശൂന്യമായി കിടക്കുന്ന കരുനാഗപ്പള്ളി മാർക്കറ്റിന് സമീപമുള്ള പ്രൈവറ്റ് ബസ്റ്റാന്റ്.

കരുനാഗപ്പള്ളി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ദേശീയപാത നിർമ്മാണവും കാരണം കരുനാഗപ്പള്ളിയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ. ടൗണിൽ ബസ് സ്റ്റാൻഡില്ലാത്തതിനാൽ ഏകദേശം 400-ഓളം തൊഴിലാളികളുടെ ദൈനംദിന ജീവിതം ദുരിതത്തിലാണ്. കോടികൾ മുടക്കി നിർമ്മിച്ച ബസ് സ്റ്റാൻഡ് ഉപയോഗശൂന്യമായി കിടക്കുമ്പോൾ, രാത്രികാലങ്ങളിൽ ബസുകൾക്ക് പാർക്ക് ചെയ്യാൻ ഇടമില്ലാത്തതും ഗതാഗതക്കുരുക്ക് പതിവായതും പ്രധാന പ്രശ്നങ്ങളാണ്.

ദുരിതത്തിലായ ജീവനക്കാർ

കരുനാഗപ്പള്ളി ടൗണിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് 70 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ഈ ബസുകളിലെ ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ വിശ്രമിക്കാനോ ഇടമില്ല. രാവിലെ 5.30ന് ആരംഭിച്ച് രാത്രി വൈകി അവസാനിക്കുന്ന ഈ ജോലിക്ക് ശേഷം അവർക്ക് തല ചായ്ക്കാൻ ഒരു ഇടമില്ലാത്തത് വലിയ പ്രശ്നമാണ്. ഒരു ദശാബ്ദം മുൻപ് കോടികൾ മുടക്കി കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം നിർമ്മിച്ച പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇപ്പോൾ തെരുവ് നായ്ക്കളുടെയും സ്വകാര്യ വാഹനങ്ങളുടെയും വിശ്രമകേന്ദ്രമാണ്.

പാർക്കിംഗ് സൗകര്യമില്ല

ദേശീയപാതയുടെ നിർമ്മാണം ആരംഭിച്ചതോടെയാണ് സ്വകാര്യ ബസുകാരുടെ ദുരിതങ്ങൾ വർദ്ധിച്ചത്. മുൻകാലങ്ങളിൽ ലാലാജി ജംഗ്ഷനിലെ പഴയ ദേശീയപാതയിലായിരുന്നു ബസുകൾ പാർക്ക് ചെയ്തിരുന്നത്. എന്നാൽ, ഈ ഭാഗങ്ങളിൽ പുതിയ സ്ഥാപനങ്ങൾ വന്നതോടെ പാർക്കിംഗിനുള്ള സൗകര്യം നഷ്ടമായി. ഇപ്പോൾ പെട്രോൾ പമ്പുകളിലും റോഡരികുകളിലുമാണ് ബസുകൾ നിറുത്തിയിടുന്നത്.

കൂടാതെ, ദേശീയപാതയുടെ സർവീസ് റോഡുകളിൽ ബസ് ബേ ഇല്ലാത്തത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വീതി കുറഞ്ഞ റോഡിൽ യാത്രക്കാരെ ഇറക്കാൻ നിറുത്തുമ്പോൾ ഗതാഗതം സ്തംഭിക്കുകയാണ്.

സർവീസുകൾ നിറുത്തി

പ്രതിസന്ധികൾ കാരണം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 27 സ്വകാര്യ ബസുകൾ സർവീസ് നിറുത്തി. ഇതിൽ 14 സർവീസുകൾ തെക്കുംഭാഗത്തേക്കുള്ളതും 13 എണ്ണം വള്ളിക്കാവ് വഴിയുള്ളതുമായിരുന്നു. അവശേഷിക്കുന്ന മുതലാളിമാരും ഈ വ്യവസായത്തിൽ നിന്ന് പിന്മാറാൻ ശ്രമിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു

നിലവിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡ് പ്രവർത്തന ക്ഷമമാക്കാൻ നഗരസഭ ശ്രദ്ധിക്കുന്നില്ല. സ്വകാര്യ ബസിലെ തൊഴിലാളികൾ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. നഗരസഭയുടെ ലാലാജി ജംഗ്ഷനിലുള്ള സ്ഥലം പ്രൈവറ്റ് ബസുകളുടെ ഹബ്ബ് ആക്കി മാറ്റിയാൽ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഈ ആവശ്യം അസോസിയേഷൻ നഗരസഭ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അനുകൂലമായ തീരുമാനം ഉണ്ടായില്ല.

കുമ്പളത്ത് രാജേന്ദ്രൻ

ജില്ലാ വൈസ് പ്രസിഡന്റ്

പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസോ.