പരവൂർ: യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഒഫ് ഇന്ത്യ കൊല്ലം ചാപ്റ്റർ രജത ജൂബിലി ആഘോഷങ്ങൾ ഇന്ന് പരവൂരിൽ തുടക്കമാകും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ വൈകിട്ട് 4ന് ആഘോഷം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ഒഫ് ഇന്ത്യ കൊല്ലം ചാപ്ടർ ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷനാകും. വൈകിട്ട് 2 മുതൽ പരവൂർ നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ, സാംസ്കാരിക സംഘടനകൾ, വിദ്യാഭ്യാസ പ്രതിഭകൾ, കലാപ്രതിഭകൾ തുടങ്ങിയവർക്ക് സ്നേഹാദരവ് സംഘടിപ്പിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നതിൽ കൊല്ലം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹത ലഭിച്ച പരവൂർ നഗരസഭയ്ക്കുള്ള ആദരവും ചടങ്ങിൽ നൽകും. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളെ ആസ്പദമാക്കി രചിച്ച് അവതരിപ്പിച്ച്, സംസ്ഥാന തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ലഘു നാടകവും നടക്കും. പരവൂർ നഗരസഭ അധ്യക്ഷ പി.ശ്രീജ, യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, സംസ്ഥാന സെക്രട്ടറി ജെ.ഷൈൻ, കൊല്ലം ചാപ്റ്റർ വൈസ് ചെയർമാൻ ഒ.ബി രാജേഷ്, സെക്രട്ടറി പ്രബോദ് എസ്.കണ്ടച്ചിറ, ആർ.പ്രകാശൻ പിള്ള,ടി.ജെ സുഭാഷ് തുടങ്ങിയവർ സംസാരിക്കും.