
എഴുകോൺ: വഴിയിൽ നിന്ന് ലഭിച്ച മൂന്ന് പവൻ പൊന്നിനും കെടുത്താനായില്ല അജികുമാറിലെ നേരിന്റെ തങ്കത്തിളക്കം.
എഴുകോൺ കോഴിക്കോടൻമുക്ക് ചരുവിള വീട്ടിൽ പരേതനായ ആനന്ദന്റെ മകൻ അജികുമാറാണ് (43) കളഞ്ഞുകിട്ടിയ ചെയിൻ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.
ബുധനാഴ്ച രാവിലെ 10 നാണ് സംഭവം. അജികുമാറും ഭാര്യ മഞ്ജുവും മറ്റൊരാവശ്യത്തിന് എഴുകോൺ പൊലീസ് സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് ചീരങ്കാവ് ജംഗ്ഷനോട് ചേർന്ന് റോഡരികിൽ നിന്നാണ് ചെയിൻ ലഭിച്ചത്. ഉടൻ ചെയിൻ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പിന്നാലെ നഷ്ടപ്പെട്ട ചെയിൻ തിരഞ്ഞ് പൊരീക്കൽ ശിലാജിത്ത് ആശുപത്രിയിലെ ഡോ.അനിൽകുമാറും എത്തി. അനിൽകുമാറും അജികുമാറും പരിചയക്കാരും സുഹൃത്തുക്കളുമാണ്. അജികുമാർ പരുത്തൻപാറ ഈരാടൻമുക്കിൽ സീ മാർട്ട് എന്ന പേരിൽ ധാന്യങ്ങൾ പൊടിക്കുന്ന മില്ലും മിനി സൂപ്പർമാർക്കറ്റും നടത്തുകയാണ്. ഓണക്കച്ചവടത്തിന് സാധനങ്ങൾ വാങ്ങിയതിന് മൊത്തക്കച്ചവടക്കാർക്ക് നല്ലൊരു തുക നൽകാനുണ്ട്. ഇതിന്റെ സാമ്പത്തിക ഞെരുക്കത്തിൽ നിൽക്കുമ്പോഴും സത്യസന്ധത ഉയർത്തിപ്പിടിച്ച അജികുമാറിനെ പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും അഭിനന്ദിച്ചു. പവിത്രേശ്വരം കെ.എൻ.എൻ.എം വി.എച്ച്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥി അഞ്ജിതയും യു.കെ.ജി വിദ്യാർത്ഥി അതിരഥുമാണ് മക്കൾ. എസ്.ഐമാരായ എസ്.ആർ.രജിത്ത്, പ്രസന്നകുമാർ, ജോൺസൺ, എ.എസ്.ഐ സജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചെയിൻ കൈമാറി.