rhhb
പുനലൂർ പട്ടണ നടുവിൽ കല്ലടയാറിന്റെ തീരത്ത് കെ.എസ്.ആർ.ടി. സി ഡിപ്പോയ്ക്ക് പിൻഭാഗത്ത് നിർമ്മാണം സ്തംഭിച്ച് കാടുമുടിയ നിലയിലായ ടൂറിസം വകുപ്പിന്റെ പാർക്ക് .

പുനലൂർ: പട്ടണത്തിന്റെ ഹൃദയഭാഗത്ത്, കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പിന്നിലായി കല്ലടയാറിന്റെ തീരത്ത് ടൂറിസം വകുപ്പ് ആറ് വർഷം മുൻപ് ആരംഭിച്ച പാർക്കിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചു. 2019-ഓടെ പൂർത്തിയാക്കി തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഇപ്പോഴും അവഗണിക്കപ്പെട്ട നിലയിലാണ്. നിലവിൽ കാടുകയറിയ നിലയിലാണ് പാർക്ക്. വെളിച്ച സംവിധാനം, ബെഞ്ചുകൾ, സുരക്ഷാവേലി തുടങ്ങിയവ പൂർത്തിയാക്കേണ്ടതുണ്ട്. പലതവണ പ്രതിഷേധങ്ങൾ ഉയർന്നിട്ടും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഇതിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു

ഇഴജന്തുക്കളുടെയും കേന്ദ്രം

പാർക്കിന്റെ നിർമ്മാണം നിലച്ചതോടെ ഈ പ്രദേശം ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറി. പാർക്ക് സ്ഥിതി ചെയ്യുന്നതിന് സമീപത്തുള്ള ട്രാൻസ്പോർട്ട് ഡിപ്പോയിലെ ജീവനക്കാർക്ക് രാത്രികാലങ്ങളിൽ ഇഴജന്തുക്കളുടെ കടിയേൽക്കാനുള്ള സാദ്ധ്യതയുമുണ്ട്.

പദ്ധതികൾ പ്രഖ്യാപനത്തിൽ മാത്രം

മുൻ മന്ത്രി കെ. രാജുവിന്റെ സാന്നിദ്ധ്യത്തിൽ പാർക്കിന്റെ പുനരുദ്ധാരണം സംബന്ധിച്ച് യോഗം നടന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. മേജർ ഇറിഗേഷൻ വകുപ്പിനായിരുന്നു തുടക്കത്തിൽ പദ്ധതിയുടെ മേൽനോട്ടം. പിന്നീട് ഡി.ടി.പി.സി. നിർമ്മാണ ചുമതല ഏറ്റെടുത്തെങ്കിലും പ്രവർത്തനം നിലച്ചു.

നിർമ്മാണം പൂർത്തിയാക്കണം

നവീകരിച്ചാൽ തൂക്കുപാലം സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള പ്രധാന ഇടമായി ഇത് മാറും. സ്നാനഘട്ടം, വള്ളക്കടവ്, മണ്ഡപം, ഇരിപ്പിടങ്ങൾ എന്നിവ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എത്രയും വേഗം പാർക്കിന്റെ നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.