കൊല്ലം: ജവഹർ ബാലഭവനിൽ സംഗീത സദസ്, നൃത്ത സംഗീതാർച്ചന, കലാവിദ്യാരംഭം എന്നിവയോടെ 30, ഒക്‌ടോബർ ഒന്ന്, രണ്ട് തീയതികളിൽ നവരാത്രി ആഘോഷം നടക്കും. 30ന് രാവിലെ 10ന് പൂജവയ്‌പോടെ ആരംഭിക്കുന്ന പരിപാടികൾ സംഗീതഞ്ജൻ മുഖത്തല ശിവജി ഉദ്ഘാടനം ചെയ്യും. ബാലഭവൻ ചെയർമാൻ എസ്.നാസർ അദ്ധ്യക്ഷനാകും. വൈസ് ചെയർമാൻ പ്രകാശ്.ആർ.നായർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ആനയടി പ്രസാദ്, പി.ഡി.ജോസ്, ബീന സജീവ്, ഗിരിജ സുന്ദരൻ, കൺവീനർ എം.എസ്.പ്രേമകുമാരി എന്നിവർ സംസാരിക്കും. തുടർന്ന് മങ്ങാട് എസ്.ജി.ദീപം, കൊല്ലം റാണ പ്രതാപ്, കടമ്പനാട് സി.ശ്രീനിവാസ്, ഓയൂർ ഗോപു ഗണപതി എന്നിവർ നയിക്കുന്ന സംഗീതക്കച്ചേരി.
ഒക്‌ടോബർ 1ന് രാവിലെ 9 മുതൽ ബാലഭവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന നൃത്ത-സംഗീതാർച്ച.
2ന് വിജയദശമി ദിനത്തിൽ രാവിലെ 8ന് പ്രൊഫ. ലൈല ഗംഗാധരൻ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. ഒപ്പം 14 കലാവിഷയങ്ങളിൽ ബാലഭവനിലെ പ്രഗത്ഭരായ അദ്ധ്യാപകർ സത്കലാവിദ്യാരംഭവും നടത്തും.