ചവറ: പന്മന നെറ്റിയാട് പൗരസമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ, ലിവിഡസ് ഫാർമസ്യൂട്ടിക്കൽസിന്റെ സഹായത്തോടെ നിർമ്മിച്ചു നൽകുന്ന നാല് സ്നേഹഭവനങ്ങളുടെ ഉദ്ഘാടനവും താക്കോൽദാനവും 28ന് നടക്കും. വൈകിട്ട് 5ന് നെറ്റിയാട് ജംഗ്ഷനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണവും അദ്ധ്യാപകരെയും മറ്റ് വ്യക്തിത്വങ്ങളെയും ആദരിക്കലും നിർവഹിക്കും. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ പന്മനയിലെ ഹരിത സേനാംഗങ്ങളെ ആദരിക്കും. സി.ആർ. മഹേഷ് എം.എൽ.എ പന്മന പഞ്ചായത്തിലെ എസ്.എസ്.എൽ.സി., പ്ലസ് ടു, എം.ബി.ബി.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകൾക്കുള്ള 'നല്ലാന്തറയിൽ യൂസഫ് കുഞ്ഞ് സ്മാരക പുരസ്കാരം' വിതരണം ചെയ്യും.

മുൻ മന്ത്രി ഷിബു ബേബി ജോൺ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും പൗരസമിതിയുടെ അഭ്യുദയകാംക്ഷികളെയും ആദരിക്കും. ചടങ്ങിൽ എസ്. ഭരത് സിൽക്സ് എം.ഡി. അയ്യൂബ് ഖാൻ, ഫിറോസ് നല്ലാന്തറയിൽ (ലിവിഡസ് ഫാർമസ്യൂട്ടിക്കൽസ്), പോച്ചയിൽ നാസർ (പോച്ചയിൽ ഗോൾഡ് ആൻഡ് ഡയമണ്ട്), ഷാജഹാൻ രാജധാനി (രാജധാനി ജ്വല്ലറി), ഡോ. അനിൽ മുഹമ്മദ് (എന്റെ റേഡിയോ), ഗായകൻ നവാസ് പാലേരി, ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി. സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്തോഷ് തുപ്പാശ്ശേരി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീകല എന്നിവർ പങ്കെടുക്കും. ചടങ്ങിന് ശേഷം ചികിത്സാ ധനസഹായ വിതരണവും നടക്കും.