കൊല്ലം: സി.പി.എം നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ബി.ജെ.പി പഞ്ചായത്ത് മെമ്പർ ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സലിം ലാലിനെ (സണ്ണി) വധിക്കാൻ ശ്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകരായ ചെപ്ര സ്വദേശി ഞാറവിള പുത്തൻവീട്ടിൽ രഞ്ജിത്ത്, തുറവൂർ ഇടപ്പണയിൽ വീട്ടിൽ അഖിൽ കൃഷ്ണൻ, തുറവൂർ സരിത ഭവനിൽ സജിത്ത്, തുറവൂർ അജയമന്ദിരത്തിൽ ഹരികുമാർ, വെളിയം തഞ്ചക്കോട് സുജിത്ത് ഭവനിൽ സുജിത്ത്, ഉമ്മന്നൂർ വിലങ്ങറ അരുൺ നിവാസിൽ അനീഷ്, ഉമ്മന്നൂർ അമ്പലക്കര ശ്രീജിത്ത് ഭവനിൽ സജിത്ത് എന്നിവരെയാണ് കോടതി വിട്ടയച്ചത്.

പാർട്ടി പ്രവർത്തകർ ഉൾപ്പടെ ഏഴോളം സാക്ഷികളുണ്ടായിരുന്ന കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റാരോപണങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ കൊട്ടാരക്കര അസി. സെഷൻസ് കോടതി ജ‌ഡ്ജി എ.ഷാനവാസാണ് വെറുതെവിട്ട് ഉത്തരവായത്.

2013 ജൂലായ് 18ന് രാത്രി എട്ടോടെയാണ് സംഭവം. നാല് ബൈക്കിലെത്തിയ പ്രതികൾ ഓടനാവട്ടം ജംഗ്ഷനിൽ വച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് സണ്ണിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അർദ്ധബോധാവസ്ഥയിൽ റോഡിൽ വീണുകിടന്ന ഇയാളെ സി.പി.എം പാർട്ടി പ്രാദേശിക നേതാവും പഞ്ചായത്ത് മെമ്പറുമായ സോമശേഖരൻ, സുനിൽ കുമാർ, സന്തോഷ് ബേബി എന്നിവർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൂയപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്ക് വേണ്ടി കൊല്ലം ബാറിലെ അഡ്വക്കേറ്റുമാരായ പ്രതാപ് ചന്ദ്രൻപിള്ള, നെല്ലിമുക്ക് ജിത്തു കൃഷ്ണൻ, കൊട്ടാരക്കര ബാറിലെ അഡ്വക്കേറ്റുമാരായ അരുൾ, അനന്തു.എസ് പ്ലാക്കോട് എന്നിവർ ഹാജരായി.