
കൊല്ലം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷൻ ഭരണം യു.ഡി.എഫ് പിടിച്ചെടുക്കുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.ശിവകുമാർ. നഗരസഭയിലെ 56 ഡിവിഷനുകളിലെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്ന നേതൃയോഗം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലം കോർപ്പറേഷൻ അഴിമതിയിൽ മുങ്ങി. ഇതിനെതിരെ ജനവികാരം ശക്തമാണ്. ജനങ്ങളെ മുൻനിറുത്തി കോർപ്പറേഷനെതിരെ അടുത്ത മാസം 10ന് കുറ്റപത്രം തയ്യാറാക്കും. കുറ്റപത്രം 16ന് കോർപ്പറേഷൻ അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ച് സായാഹ്ന ധർണ നടത്തുമെന്നും ശിവകുമാർ പറഞ്ഞു.
ബി.ജെ.പിയുമായി ഒത്തുകളിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പമ്പയിൽ പൊളിഞ്ഞുപോയ ആഗോള അയ്യപ്പസംഗമം നടത്തിയത്. ബി.ജെ.പിയെ സഹായിച്ച് കോൺഗ്രസിനെ തകർക്കുകയാണ് ലക്ഷ്യം. ഈ ഒത്തുകളിയുടെ ഭാഗമാണ് അയ്യപ്പ സംഗമത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസാ സന്ദേശം മാത്രം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ദേവസ്വം മന്ത്രി വായിച്ചത്.
സംസ്ഥാനത്തെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണ്. സർക്കാർ മെഡിക്കൽ കോളേജുകളെല്ലാം വൃദ്ധസദനങ്ങളെപ്പോലാണ് പ്രവർത്തിക്കുന്നത്. പാവപ്പെട്ട രോഗികൾ പിരിവെടുത്ത് മരുന്ന് വാങ്ങേണ്ട ഗതികേടിലാണെന്നും അദ്ദേഹം പരിഹസിച്ചു.
ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, എ.കെ.ഹഫീസ്, പി.ജർമ്മിയാസ്, സൂരജ് രവി, കെ.ബേബിസൺ, എസ്.വിപിനചന്ദ്രൻ, ജോർജ്.ഡി കാട്ടിൽ, എൻ.ഉണ്ണിക്കൃഷ്ണൻ, കൃഷ്ണവേണി ശർമ്മ, എസ്.ശ്രീകുമാർ, വാളത്തുംഗൽ രാജഗോപാൽ, എം.എം.സഞ്ജീവ് കുമാർ, സേതുനാഥപിള്ള, പ്രസാദ് നാണപ്പൻ, ആനന്ദ് ബ്രഹ്‌മാനന്ദ്, ഡി.ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, പാലത്തറ രാജീവ്, എം.നാസർ, മേച്ചേഴത്ത് ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.