കൊല്ലം : പന്മന വടക്കുംതല പറമ്പിമുക്കിൽ റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം ദിനംപ്രതിയുണ്ടാകുന്ന ചെറുതും വലുതുമായ അപകടങ്ങൾ കാരണം ഈ പ്രദേശം യാത്രക്കാരുടെ പേടിസ്വപ്നമായി മാറുകയാണെന്നും ഇവിടെ വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്നും കാട്ടി കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു. പി.ഡബ്ല്യു.ഡി അധികൃതരെ വിളിച്ച് പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശം നൽകി.തുടർന്ന് കഴിഞ്ഞ ദിവസം തന്നെ റോഡിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുകയായിരുന്നു. സ്പീഡ് ബ്രേക്കറുകൾ ഉൾപ്പെടെയുള്ള വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കുമെന്നും എം.എൽ.എ പറഞ്ഞു.
വേഗനിയന്ത്രണ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നു. ഇന്നലെ തന്നെ ബോർഡ്സ്ഥാപിച്ചിട്ടുണ്ട്. സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിവേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ പി.ഡബ്ല്യു.ഡി റോഡ് വിഭാഗത്തോടും കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരോടും നിർദേശിച്ചിട്ടുണ്ട്. എത്രയും വേഗം സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ച് ജനങ്ങളുടെ ആശങ്ക അകറ്റും.
ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ
യാത്രക്കാരും പ്രദേശവാസികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വാർത്ത നൽകിയ കേരള കൗമുദിക്കും വിഷയത്തിൽ ജനകീയമായി ഇടപെട്ട എം.എൽ.എയ്ക്കും നന്ദി.
സുമേഷ് സുരേന്ദ്രാ,
നാട്ടുകാരൻ