കൊല്ലം: ഇരുപത്തിയെട്ടാം ഓണാഘോഷത്തിനായി പിരിവ് നൽകാത്ത വിരോധത്തിൽ യുവാവിനെയും കുടുംബത്തെയും വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ച് പരിക്കേൽപ്പിച്ചവർ പിടിയിൽ. പാരിപ്പള്ളി പുലിക്കുഴി ചരുവിള പുത്തൻവീട്ടിൽ ഷിജു (27), കരിഞ്ഞനംകോട് മേലതിൽ വീട്ടിൽ സുധീഷ് (26), ചരുവിള പുത്തൻവീട്ടിൽ വിജിത്ത് (23), ചരുവിള പുത്തൻവീട്ടിൽ മഹേഷ് (27), ബിന്ദു ഭവനിൽ വിജു (39) എന്നിവരാണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 ഓടെയാണ് പാരിപ്പള്ളി വേളമാനൂർ വയലിൽ പുത്തൻ വീട്ടിൽ വിശാഖിനെയും കുടുംബത്തെയും ആക്രമിച്ചത്.

ഷിജു, സുധീഷ്, വിജിത്ത് എന്നിവർ ചേർന്ന് വിശാഖിന്റെ വീട്ടിലെത്തി ഇരുപത്തിയെട്ടാം ഓണാഘോഷം സംഘടിപ്പിക്കുന്നതിനായി പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ ചീത്ത വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കുടുംബാംഗങ്ങളെയും പരിക്കേൽപ്പിച്ചു. തുടർന്ന് ഇവർ ചേർന്ന് വിശാഖിനെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി സോഡാമുക്ക് ജംഗ്ഷനിൽ എത്തിച്ച ശേഷം വിശാഖിനെ പരിക്കേൽപ്പിക്കുകയായിരുന്നു. പാരിപ്പള്ളി ഇൻസ്‌പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രകാശ്, അഖിലേഷ്, എസ്.സി.പി.ഒമാരായ മനോജ്‌നാഥ്, സബിത്ത്, സി.പി.ഒമാരായ രഞ്ജിത്ത് അജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.