കൊല്ലം: മേവറത്തെ ആശുപത്രിക്ക് മുന്നിൽ നിന്ന് യുവാവിനെ കാറിലെത്തിയ സംഘം തട്ടി കൊണ്ടുപോയി. തൃശൂർ സ്വദേശി ആരോമലിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. സർക്കാർ സ്ഥാപനത്തിൽ താത്കാലിക ജീവനക്കാരിയായ ആരോമലിന്റെ ഭാര്യ ആശുപത്രിയിൽ പ്രസവിച്ച് കിടക്കുകയാണ്. ഇവരെ കണ്ട ശേഷം മടങ്ങവെ കാറിലെത്തിയ സംഘം ആരോമലിനെ മർദ്ദിച്ച ശേഷം കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. മൈലാപ്പൂര് ഭാഗത്തേക്കാണ് കാർ പോയത്. ശൂരനാട് സ്വദേശിയുമായി ആരോമലിന് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുണ്ട്. അവരാകാം തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് സംശയിക്കുന്നു. ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.