കൊല്ലം: അയത്തിൽ ജംഗ്ഷനിൽ നിന്ന് കുറ്റിച്ചിറ കരിക്കോട് ടി.കെ.എം കോളേജ് വരെ നീളുന്ന മൂന്ന് കിലോമീറ്റർ റോഡിലെ ദുർവിധി പരിഹാരമില്ലാതെ തുടരുന്നു. പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം അധികൃതർ ഗൗനിക്കുന്നേയില്ല.
ആകെ പൊട്ടിപ്പൊളിഞ്ഞ് കിടന്ന റോഡിൽ പുനർ നിർമ്മാണത്തിന്റെ പേരിൽ ആറ് മാസം മുമ്പ് മെറ്റിലുകൾ നിരത്തി. എം.എൽ.എ ഫണ്ടിൽ നിന്ന് 3.20 കോടി അനുവദിക്കുകയും ചെയ്തു. ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും ഒന്നുമുണ്ടായില്ല. വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റിൽ ചീളുകൾ തെറിച്ച് കാൽനട യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചതായും നാട്ടുകാർ പറയുന്നു.
അങ്കണവാടികൾ, ആരാധനാലയങ്ങൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയും നിരവധി വീടുകളും റോഡിന്റെ ഇരുവശത്തുമായുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റിലുകൾ ചിന്നിച്ചിതറി രണ്ടു ഭാഗത്തായി കിടക്കുകയാണ്. ഇക്കാരണത്താൽ കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ല. ജനങ്ങളെ വലയ്ക്കുന്ന ദുരിതയാത്രയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നിർമ്മിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ പെയ്ത ശക്തമായ മഴയാണ് നിർമ്മാണം നീണ്ടുപോകാൻ കാരണം. രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും
എ. നൗഷാദ് കിളികൊല്ലൂർ കൗൺസിലർ
................................
വർഷങ്ങളായി തകർന്ന് കിടന്ന റോഡിന്റെ നിർമ്മാണത്തിന് തുടക്കമിട്ട് മെറ്റിൽ നിരത്തിയപ്പോൾ പ്രശ്നത്തിന് പരിഹാരമായല്ലോ എന്ന് ആശ്വസിച്ചതാണ്. എന്നാൽ നിരത്തിയ മെറ്റിൽ വലിയ തലവേദനയായി മാറിയിരിക്കുകയാണ്
സന്ധ്യ ബാലൻ, പ്രദേശവാസി