ff
പുളിയത്തുമുക്കിൽ നിന്ന് അയത്തിൽ ജംഗ്ഷനിലേക്ക് പോകുമ്പോൾ ഇടതുവശത്ത് കലുങ്കിന് സമീപത്തായി തോട്ടിൽ മാലിന്യം തള്ളിയ നിലയിൽ

മാലി​ന്യത്താൽ ദുർഗന്ധം, പകർച്ചവ്യാധി​ ഭീഷണി​

കൊല്ലം: കിളികൊല്ലൂർ തോട്ടിൽ മാലിന്യം തള്ളുന്നത് രൂക്ഷമായി തുടരുന്നു. പ്രദേശവാസികളായ കുട്ടികൾ ഉൾപ്പെടെയുള്ളയുള്ളവർ പകർച്ചവ്യാധി ഭീഷണിയിലായിട്ടും തിരിഞ്ഞു നോക്കാൻ അധികൃതർ ആരുമില്ല.

പുളിയത്തുമുക്കിൽ നിന്ന് അയത്തിൽ ജംഗ്ഷനിലേക്ക് പോകുമ്പോൾ ഇടതുവശത്ത് കലുങ്കിന് സമീപത്തായി ചാക്കുകളിൽ കെട്ടിയാണ് മാലിന്യം നിക്ഷേപിക്കുന്നത്. അറവുശാലകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നുമുൾപ്പെടെ മാലിന്യം തോട്ടിലേക്ക് തള്ളുന്നുണ്ട്. ഇവ അഴുകി ദുർഗന്ധം പരിസരമാകെ നിറയുകയാണ്. തോടിന്റെ പരിസരത്തുകൂടി മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥ. സമീപത്തെ വീട്ടുകാരും വ്യാപാര സ്ഥാപനങ്ങളിൽ ഉള്ളവരും ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുന്നു. വെള്ളത്തിൽ പുഴു നുരയ്‌ക്കുന്നതും കാണാം. തോട്ടിൽ കെട്ടിനിൽക്കുന്ന വെള്ളം കറുത്തിരുണ്ടു. കൊതുക് ശല്യവും വർദ്ധിച്ചു.

ക്യാമറയില്ലാത്തതിനാൽ, മാലിന്യം തള്ളുന്നവരെ കൃത്യമായി കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. നാട്ടുകാർ ഫോണിൽ പകർത്തിയ മൂന്നുപേരിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. എത്രതന്നെ വ‌ൃത്തിയാക്കിയാലും വീണ്ടും മാലിന്യം നിറയുന്ന സാഹചര്യമാണ്. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ പുനുക്കന്നൂർ ചിറയിൽ നിന്ന് നീർച്ചാലായി ഉത്ഭവിച്ച് തൃക്കരുവ, തൃക്കോവിൽവട്ടം പഞ്ചായത്തുകളിലൂടെ കൊല്ലം കോർപ്പറേഷൻ പരിധിയിലെത്തുന്ന തോട് മങ്ങാട് വഴി അഷ്ടമുടി കായലിൽ എത്തിച്ചേരും. ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കല്ലിളകി പാർശ്വഭിത്തി

 തോടിനോട് ചേർന്ന നടപ്പാതയുടെ പാർശ്വഭിത്തി തകർന്നു

 പലഭാഗങ്ങളി​ലും പാറയിളകി തോട്ടിൽ പതിച്ചു

 തോട്ടിലെ ഒഴുക്ക് കൂടുമ്പോൾ ബാക്കി ഭാഗവും തകരാം

 പൈപ്പ് ലൈൻ കണക്ഷനും നാശമായി

 പാറ ഇളകിമാറിയ ഭാഗം ഉടൻ നന്നാക്കുമെന്ന് അധികൃതർ

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പ്രദേശത്ത് വൈകാതെ സി.സി.ടി.വി ക്യാമറ സ്ഥാപിക്കും. നിലവിൽ കണ്ടെത്തുന്നവർക്ക് പിഴ ഉൾപ്പെടെ ചുമത്തുകയും ചെയ്യുന്നുണ്ട്

എസ്.ആരതി, പാൽക്കുളങ്ങര ഡിവിഷൻ കൗൺസിലർ