പടിഞ്ഞാറെ കല്ലട: വാടക നൽകാത്തതിനെ തുടർന്ന് കാരാളിമുക്ക് ജംഗ്ഷനിൽ സ്വകാര്യ വ്യക്തിയുടെ കടമുറിയിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ഇ.ബി സബ് എൻജിനീയർ ഓഫീസിന് കെട്ടിട ഉടമ താഴിട്ടു. അത്യാവശ്യ സർവീസായി പ്രവർത്തിച്ചിരുന്ന ഓഫീസിൻ്റെ പ്രവർത്തനം നിലച്ചതോടെ നാട്ടുകാരും ദുരിതത്തിലായി. കാരാളിമുക്കിൽ സബ് എൻജിനീയർ ഓഫീസ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തിലധികമായി. ഇക്കാലമത്രയും വിവിധ വാടക കെട്ടിടങ്ങളിലായിരുന്നു പ്രവർത്തനം. ഏകദേശം അഞ്ച് വർഷം മുൻപാണ് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവർത്തനം മാറ്റിയത്.

വാടക പ്രശ്നത്തിന് പിന്നിൽ

10 വർഷം മുൻപ് കെ.എസ്.ഇ.ബി സബ് എൻജിനീയർ ഓഫീസുകൾ നിറുത്തലാക്കിക്കൊണ്ട് ഉത്തരവിറക്കിയതിനാൽ ഈ ഓഫീസിന് വാടക നൽകാൻ അനുമതിയില്ലായിരുന്നു. ജനങ്ങൾക്കുണ്ടാകുന്ന ഗുണങ്ങൾ ആലോചിച്ച് മുൻപ് കെട്ടിട ഉടമ വാടക ആവശ്യപ്പെട്ടതുമില്ലായിരുന്നു. എന്നാൽ നാല് മാസം മുൻപ് കെട്ടിടം മറ്റൊരു വ്യക്തിക്ക് വിറ്റു. വാടക ലഭിക്കാതിരുന്നതിനെ തുടർന്ന് പുതിയ കടയുടമ കെ.എസ്.ഇ.ബിയിൽ ബന്ധപ്പെട്ടു. വാടക നൽകാൻ അനുമതിയില്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് കെട്ടിടത്തിന് പൂട്ടിട്ടത്. നിലവിൽ കാരാളിമുക്ക് ജംഗ്ഷനിൽ ഒരു മുറി കടയ്ക്ക് 8000 മുതൽ 10,000 രൂപ വരെ വാടക ലഭിക്കുന്നുണ്ട്. കൂടാതെ ഡിപ്പോസിറ്റ് തുകയും ഉടമയ്ക്ക് നൽകണം.

ദുരിതത്തിലായി നാട്ടുകാ‌ർ

സബ് എൻജിനീയർ കെട്ടിടത്തിന്റെ പ്രവർത്തനം നിന്നതോടെ ഇനി പരാതിയുമായി കിലോമീറ്റർ അകലെയുള്ള ശാസ്താംകോട്ടയിലെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. നാട്ടുകാരുടെ എതിർപ്പിനെ തുടർന്നായിരുന്നു ശാസ്താംകോട്ട സെക്ഷൻ ഓഫീസിൽ നിന്ന് ഫീൽഡ് ജീവനക്കാരെ കാരാളിമുക്കിലെ ഓഫീസിലേക്ക് പുനർവിന്യസിപ്പിക്കുകയായിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി സബ് എൻജിനീയർ ഓഫീസിന്റെ പ്രവ‌ർത്തനം എത്രയും വേഗം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കാരാളിമുക്കിലോ, പരിസരപ്രദേശങ്ങളിലോ ,കടമുറി വാടകയ്ക്കു ലഭിയ്ക്കുകയോ, അല്ലെങ്കിൽപഞ്ചായത്ത് ഓഫീസിനോട് ചേർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്തി സബ് എൻജിനീയർ ഓഫീസിന്റെ പ്രവർത്തനം തുടങ്ങുവാനുള്ള നടപടി സ്വീകരിക്കും.

ഡോ.സി. ഉണ്ണിക്കൃഷ്ണൻ ,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ,പടിഞ്ഞാറെ കല്ലട.

നാല് മാസം മുമ്പാണ് കടമുറി ഞാൻ വിലയ്ക്ക് വാങ്ങുന്നത്. മുൻ ഉടമയുമായുള്ള കെ.എസ്.ഇ.ബിയുടെ വാടക കരാർ തീർന്നിട്ട് രണ്ടര വർഷം കഴിയുന്നു. വാടക ലഭിക്കാത്തതിനെത്തുടർന്ന് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇങ്ങനെ ഒരു ഓഫീസ് നിയമപ്രകാരം ഇല്ലെന്നും നിങ്ങൾക്ക് ആവശ്യമെങ്കിൽ കടമുറി ഉപയോഗിക്കുവാൻ പറഞ്ഞത് പ്രകാരമാണ് കടമുറിക്ക് താഴിട്ടത് .

കടയുടമ