,കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മവാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി അമൃത എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച അന്തർദേശീയ എക്സിബിഷൻ ജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. അമൃതവിശ്വവിദ്യാപീഠം, യുനെസ്‌കോ, അമ്മച്ചിലാബ് എഡ്യൂക്കേഷൻ ഫോർ ലൈവ്, ലൈവ് ഇൻ ലാപ്‌സ് തുടങ്ങി 40 ഓളം ഡിപ്പാർട്ട്‌മെന്റുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. "ഒരു ലോകം ഒരേ ഹൃദയം" എന്ന സന്ദേശമാണ് മേളക്ക് പിന്നിലുള്ളത്. പരിസ്ഥിതി സൗഹൃദം, പ്രകൃതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനവും പുനരുപയോഗവും, വിഭവങ്ങളുടെ മാതൃകാപൂർണമായ മിതോപഭോഗം, സുസ്ഥിര വികസനം, കൃഷി, വ്യവസായം, സ്ത്രീ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങൾ മഠം എങ്ങനെ മാതൃകാപരമായി നടപ്പാക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ സ്റ്റാളുകളിലൂടെയും വിശദമാക്കുന്നത്. മേളയുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ പ്രശാന്ത് നായർ സുസ്ഥിര വികസന സന്ദേശം നൽകി. സ്വാമി തപസ്യാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, അമൃത സർവ്വകലാശാല - അമൃതപുരി ക്യാമ്പസ് ഡയറക്ടർ ബ്രഹ്മചാരി ദേവീദാസ് ചൈതന്യ, അമൃത സർവ്വകലാശാല പ്രോവോസ്റ്റ് ഡോ. മനീഷ വി രമേഷ്, ക്ലാപ്പന ഗ്രാപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ, ജില്ലാ പഞ്ചായത്ത് അംഗം വസന്താ രമേഷ്, ദീപ്തി രവീന്ദ്രൻ, ബ്രഹ്മചാരിണി ദീപ്തി, വിഷ്ണു വിജയ് തുടങ്ങിയവർ സംസാരിച്ചു.