കൊല്ലം: വനസംരക്ഷണ വിഭാഗം ജീവനക്കാരിലെ അടിസ്ഥാന തസ്‌തികയായ ഫോറസ്‌റ്റ് വാച്ചർ ഫോറസ്‌റ്റ് ബീറ്റ് അസിസ്റ്റന്റായി പുനർനാമകരണം ചെയ്‌ത് സർക്കാർ ഉത്തരവായെന്ന് കേരളാ ഫോറസ്‌റ്റ് പ്രൊട്ടക്‌റ്റീവ് സ്‌റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. സർക്കാരിലെ ബഹുഭൂരിപക്ഷം തസ്‌തികകളും കാലാനുസൃതമായി പരിഷ്‌കരിച്ചിട്ടും പി.എസ്.സി വഴി നിയമനം നേടിയ വാച്ചർമാരുടെ തസ്‌തികയുടെ പേര് നവീകരിച്ചിരുന്നില്ല. പേര് മാറ്റം നടപ്പാക്കാത്തത് മൂലം ജീവനക്കാരുടെ സർവീസ് സംബന്ധമായ പല ആവശ്യങ്ങൾക്കും നിലനിന്ന തടസങ്ങൾ നീങ്ങിയെന്നും വിഷയത്തിൽ അസോസിയേഷന്റെ നിരന്തര ഇടപെടലുകളാണ് ലക്ഷ്യം കണ്ടതെന്നും സംസ്ഥാന പ്രസിഡന്റ് കെ.എ.സേതുമാധവനും ജനറൽ സെക്രട്ടറി ആർ.ദിൻഷയും അഭിപ്രായപ്പെട്ടു.