കൊല്ലം: സ്വന്തമായി വീടെന്ന സ്വപ്നവുമായി കാലമേറെയായി കാത്തിരിക്കുന്ന നാല് നിർദ്ധന കുടുംബങ്ങൾക്ക് കരുതലായി, നെറ്റിയാട് പൗരസമിതിയുടെ നേതൃത്വത്തിൽ പന്മനയിൽ "സ്നേഹഭവനം" എന്ന പേരിൽ പുതുഭവനങ്ങൾ ഒരുങ്ങുന്നു. പന്മന സ്വദേശികളായ വിധവകളായ നാല് സ്ത്രീകൾ പന്മന പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ടെങ്കിലും, അതിൽ നിന്ന് ലഭിക്കുന്ന തുക വീട് നിർമ്മിക്കാൻ പര്യാപ്തമായിരുന്നില്ല. ഇതേത്തുടർന്ന്, നെറ്റിയാട് പൗരസമിതി പ്രസിഡന്റ് നെറ്റിയാട്ട് റാഫി റിട്ട. എ.ഇ.ഒയും പന്മന സ്വദേശിയുമായ രാധാകൃഷ്ണനുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് പന്മന കുരീത്തറ ജംഗ്ഷന് സമീപം വീട് നിർമ്മാണത്തിനായി 16 സെന്റ് വസ്തു വാങ്ങാൻ തീരുമാനിച്ചു. വാങ്ങിയ 16 സെന്റ് വസ്തുവിൽ, മൂന്ന് സെന്റ് വീതം ഓരോ വീട്ടുകാർക്കുമായി രജിസ്റ്റർ ചെയ്തു നൽകി. യാത്രാ സൗകര്യത്തിനായി നാല് സെന്റ് വസ്തു പന്മന പഞ്ചായത്തിന് വിട്ടുനൽകി പൊതുവഴിയാക്കി നിലനിറുത്തി. ഈ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചു.
നിർമ്മാണവും സാമ്പത്തിക സഹായവും
വീട് നിർമ്മാണത്തിന് ആവശ്യമായ ബാക്കി തുകയ്ക്കായി വ്യവസായിയും ലിവിഡസ് ഫാർമസ്യൂട്ടിക്കൽസ് എം.ഡിയുമായ ഫിറോസ് നല്ലാന്തറയെ സമീപിച്ചു. അദ്ദേഹത്തിന്റെയും മറ്റ് സുമനസുകളുടെയും സഹായത്തോടെ വീടുകൾക്ക് തറക്കല്ലിട്ട് നിർമ്മാണം അതിവേഗത്തിൽ പൂർത്തിയാക്കി.
ഒരു വീട് നിർമ്മിക്കുന്നതിന് ലൈഫ് പദ്ധതിയിൽ നിന്നും ഒരു കുടുംബത്തിന് 4 ലക്ഷം രൂപയും വസ്തു വാങ്ങാനായി 2 ലക്ഷം രൂപയും ലഭിച്ചു. എന്നാൽ ഒരു വീട് നിർമ്മിക്കാൻ പൗരസമിതിക്ക് ഏകദേശം 8 ലക്ഷം രൂപയോളം ചെലവായി.
താക്കോൽ കൈമാറ്റം
28ന് നടക്കുന്ന ചടങ്ങിൽ, മന്ത്രി ജെ. ചിഞ്ചുറാണി താക്കോൽ കൈമാറുന്നതോടെ, പന്മന ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 4 കുടുംബങ്ങൾ ഈ ഭൂമിയുടെയും ഭവനങ്ങളുടെയും അവകാശികളാകും.
ദിവ്യലക്ഷ്മിക്കും കരുതലായി
ഹൃദയവാൽവ് തകരാറിലായി ശസ്ത്രക്രിയ നടത്തിയ പന്മന ചോല കൊച്ച് തട്ടാഴത്ത് വീട്ടിൽ ജയലക്ഷ്മിയുടെ മകൾ ദിവ്യലക്ഷ്മിക്ക് വീടൊരുക്കി നൽകുന്നതും നെറ്റിയാട് പൗരസമിതി തന്നെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് 4 ലക്ഷം രൂപയുടെ സഹായം വീട് നിർമ്മിക്കുന്നതിന് ഇവർക്ക് ലഭിച്ചു. ബാക്കി തുകയായ 4 ലക്ഷം രൂപ പൗരസമിതി പ്രസിഡന്റ് നെറ്റിയാട് റാഫിയുടെ നേതൃത്വത്തിൽ സുമനസുകളിൽ നിന്നും കണ്ടെത്തി. ഈ വീടിന്റെ താക്കോൽ ദാനവും മന്ത്രി 28 ന് നിർവഹിക്കും.
ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ 27 വർഷമായി സേവനം ചെയ്യുന്ന നെറ്റിയാട് പൗരസമിതിക്ക് ഇത് അഭിമാന നിമിഷമാണ്. ലൈഫ് ഭവന പദ്ധതിയുമായും ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായും കൈകോർത്ത്
അഞ്ച് കുടുംബങ്ങൾക്ക് തണലേകാൻ കഴിഞ്ഞു. പൗരസമിതിയെ സഹായിച്ചവർക്ക് നന്ദി.
നെറ്റിയാട്ട് റാഫി
പ്രസിഡന്റ്
നെറ്റിയാട് പൗരസമിതി