അമൃതപുരി(കൊല്ലം): 'ഒരു ലോകം ഒരു ഹൃദയം’ എന്ന സന്ദേശമാണ് ഈ പിറന്നാൾ ദിനത്തിൽ അമ്മ പങ്കുവയ്ക്കുന്നതെന്ന് മാതാ അമൃതാനന്ദമയീമഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരി പറഞ്ഞു. ലോകരാഷ്ട്രങ്ങളുടെ പരിച്ഛേദമെന്ന് വിശേഷിപ്പിക്കാവുന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി ഹാളിൽ സഹസ്രാബ്ദ ലോകസമാധാന ഉച്ചകോടിയിൽ പങ്കെടുത്ത് അമ്മ മാതാ അമൃതാനന്ദമയീദേവി മാതൃഭാഷയായ മലയാളത്തിൽ ലോകത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന്റെ രജത ജൂബിലി ആഘോഷിക്കുന്ന വർഷം കൂടിയാണിത്. പിറന്നാൾ ആഘോഷത്തിലൂടെ നിരുപാധിക സ്‌നേഹം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പകരാനാണ് ലക്ഷ്യമിടുന്നതെന്നും സ്വാമി അമൃതസ്വരൂപാനന്ദ പുരി കൂട്ടിച്ചേർത്തു. സേവനമാണ് ഈശ്വരാരാധന എന്നതാണ് അമ്മയുടെ തത്വം. 72-ാം പിറന്നാൾ ദിനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അമൃതപുരിയിൽ എത്തുന്ന ലക്ഷക്കണക്കിന് ആളുകൾ നടത്തുന്ന സേവന പ്രവർത്തനങ്ങളിലൂടെ അമ്മ ഈ തത്വം ലോകത്തിന് മുന്നിൽ പകരുകയാണെന്നും സ്വാമി അമൃത സ്വരുപാനന്ദപുരി വ്യക്തമാക്കി.