പരവൂർ: ബി.ജെ.പി നേതാവായ ചിറക്കര ഗ്രാമ പഞ്ചായത്ത് 16-ാം വാർഡ് അംഗം രതീഷിനു (ഉണ്ണി-42) നേരെ കാപ്പ കേസ് പ്രതിയുടെ ആക്രമണം. യാതൊരു പ്രകോപനവുമില്ലാതെ കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. രതീഷിനെ പാരിപ്പള്ളി മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പ ചുമത്തി നാട് കടത്തിയിട്ടുള്ളതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അതുലാണ് (മോൻകുട്ടൻ-36) ആക്രമിച്ചത്. ഒളിവിൽ പോയ ഇയാളെ പൊലീസ് തെരയുന്നു. ബി.ജെ.പി ചാത്തന്നൂർ മണ്ഡലം സെക്രട്ടറിയാണ് രതീഷ്.
സംഭവത്തെ കുറിച്ച് പരവൂർ പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം രാത്രി 10ന് നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സുഹൃത്തുമായിസംസാരിച്ചു കൊണ്ട് നിൽക്കെയാണ് രതീഷ് ആക്രമിക്കപ്പെട്ടത്. നിലവിളി കേട്ട് പ്രദേശവാസികൾ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് രതീഷിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പിന്നീട് പാരി പ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുൽ, മജീഷ്യൻ അശ്വിൻ പരവൂരിനെ ആക്രമിച്ച കേസിലും ബി.ജെ.പി ചാത്തന്നൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ദിനേശിനെ ആക്രമിച്ച കേസിലും നാട്ടുകാരെ ആക്രമിച്ച കേസിലും ജാമ്യത്തിൽ നിൽക്കവേയാണ് രതീഷിനെ ആക്രമിച്ചത്. ഇയാളെ 2013 ൽ ഗുണ്ടാ ആക്ട് ചുമത്തി നാട് കടത്തിയിരുന്നു.