പുനലൂർ: പുനലൂർ നിയോജകമണ്ഡലത്തിലെ പുനലൂർ, വാളക്കോട് വില്ലേജുകൾ സ്മാർട്ട് വില്ലേജുകളാക്കി മാറ്റുന്നതിനായി തുക അനുവദിച്ചതായി പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. എം.എൽ.എ മന്ത്രി കെ.രാജന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.പുനലൂർ നിയോജകമണ്ഡലത്തിലെ 9 വില്ലേജുകൾ ഇതിനോടകം സ്മാർട്ട് ആയി കഴിഞ്ഞു.അഞ്ചൽ, തെന്മല എന്നീ രണ്ട് വില്ലേജുകൾ പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.സ്വന്തമായി സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഇവയും സ്മാർട്ട് ആക്കി മാറ്റും.ഈ പശ്ചാത്തലത്തിലാണ് ഇനി സ്മാർട്ട് വില്ലേജുകളായി പരിവർത്തനം ചെയ്യേണ്ട പുനലൂർ, വാളക്കോട് വില്ലേജുകൾക്കായി എം.എൽ.എ റവന്യു മന്ത്രിക്ക് നിവേദനം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ട് വില്ലേജുകൾ കൂടി സ്മാർട്ട് ആക്കി മാറ്റാൻ ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.
വില്ലേജ് വിഭജനം
കൊല്ലം ജില്ലയുടെ കിഴക്കൻ ഭാഗത്ത്, തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലാണ് ഈ വില്ലേജുകൾ. പുനലൂർ നഗരസഭയുടെ വാർഡുകൾ ഉൾപ്പെടുത്തി സ്ഥാപിച്ച പുനലൂർ വില്ലേജ്, 1984ൽ കല്ലടയാറിന് ഇരുവശങ്ങളിലായി വിഭജിക്കപ്പെടുകയും കിഴക്കുള്ള പ്രദേശം വേർതിരിച്ച് പുതിയ വാളക്കോട് വില്ലേജുമായി.
നിലവിൽ പുനലൂർ, വാളക്കോട് വില്ലേജ് ഓഫീസുകൾ കല്ലടയാറിന്റെ ഇരുകരകളിലുമായി 100 മീറ്റർ അകലത്തിൽ പ്രവർത്തിക്കുകയാണ്.
വാളക്കോട് വില്ലേജ്: സ്വന്തമായി റവന്യൂ ഭൂമിയുണ്ട്. നിലവിലെ കാലപ്പഴക്കം ചെന്ന ഓഫീസ് പൊളിച്ചുമാറ്റാതെ തന്നെ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനായുള്ള സ്ഥലസൗകര്യവും, കാർ പാർക്കിംഗിന് വിശാലമായ ആറ്റുതീരം ഉൾപ്പെടെ ലഭ്യമാണ്.
പുനലൂർ വില്ലേജ്: നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഓഫീസിന് സ്വന്തമായി ഭൂമിയില്ല. കഴിഞ്ഞ പത്ത് വർഷമായി പുനലൂർ നഗരസഭ കാര്യാലയത്തിന്റെ ഏറ്റവും അടിയിലെ സെല്ലാറിലാണ് ഇത് പ്രവർത്തിക്കുന്നത്. ഓഫീസിലെത്തുന്ന ജനങ്ങൾക്ക് ഇരിക്കാനോ, പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ സൗകര്യങ്ങളില്ല.