t

കൊല്ലം: കാട്ടുപന്നി ശല്യം ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചിട്ടും പ്രതിരോധിക്കാൻ നടപടികളില്ല. പെരിനാട് പഞ്ചായത്തിലെ ഒന്നാംവാർഡായ വെള്ളിമൺ വെസ്റ്രിലും ആറാം വാർ‌ഡായ നാന്ദിരിക്കലിലും ഉൾപ്പെടെ ഭീതി പരത്തി കാട്ടുപന്നികൾ വിഹരിക്കുകയാണ്.

എപ്പോൾ വേണമെങ്കിലും ഇവയുടെ ആക്രമണം ഉണ്ടാവാമെന്നതിനാൽ പകൽ പോലും നാട്ടുകാർ ഭയപ്പെട്ടാണ് യാത്ര ചെയ്യുന്നത്. രാത്രിയിൽ വാഴക്കൃഷിയും മരച്ചീനിയും മറ്റു കാർഷിക വിളകളും നശിപ്പിക്കുന്നത് പതിവാണ്. വിളവെടുപ്പിന് പാകമാകാത്ത മരച്ചീനികളാണ് മണ്ണ് തുരന്ന് ഭക്ഷണമാക്കുന്നത്. വാഴ കുത്തിമറിച്ച് നശിപ്പിച്ച ശേഷം കൂമ്പും ഇലകളും ഭക്ഷണമാക്കും. അടുക്കളത്തോട്ടത്തിലെ പച്ച മുളക് ചെടികൾ വരെ കുത്തി മറിച്ചു. വലിയ സാമ്പത്തിക നഷ്ടമാണ് ഈ മേഖലയിലെ കർഷകർക്ക് ഉണ്ടാകുന്നത്.

നായ്‌ക്കളുടെ നിലയ്‌ക്കാത്ത കുരയാണ് രാത്രിയിൽ പന്നിയുടെ സാന്നിദ്ധ്യമറിയിക്കുന്നത്. പക്ഷേ ആക്രമണം ഭയന്ന് ആരും പുറത്തിറങ്ങാറില്ല. വിദ്യാർത്ഥികളും പ്രായമായവരും ഇരുചക്രവാഹന യാത്രക്കാരും ഉൾപ്പെടെ ജീവൻ പണയം വച്ചാണ് റോഡിലിറങ്ങുന്നത്. തങ്ങളുടെ പരാതികൾക്ക് യാതൊരു പരിഹാരവുമില്ലെന്നതാണ് നാട്ടുകാരുടെ വിഷമം.

മുള്ളൻ പന്നിയുണ്ട്, മയിലുണ്ട്...


കാട്ടുപന്നി ശല്യം കൂടാതെ മുള്ളൻപന്നി, മയിൽ, കുരങ്ങ് എന്നിവയുടെ ശല്യവുമുണ്ട്. വെള്ളിമൺ സ്വദേശിയായ സുജിത്തിന് (36) കഴിഞ്ഞ 24 ന് മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വെള്ളിമൺ കൊട്ടാരം ജംഗ്ഷനും റിസോർട്ടിനും ഇടയിലായി വൈകിട്ടായി​രുന്നു സംഭവം. സുജി​ത്ത് ഇരുചക്രവാഹനത്തിൽ പോകവേ, പെട്ടെന്ന് മുള്ളൻപന്നി കൂട്ടം എത്തുകയായിരുന്നു. ഇവയി​ൽ തട്ടി നിയന്ത്രണം തെറ്റി വാഹനം മറിഞ്ഞു. മുള്ള് തറച്ചും പരിക്കേറ്റ സുജിത്ത് ജില്ലാശുപത്രിയിൽ ചികിത്സ തേടി വിശ്രമത്തിലാണ്. കഴിഞ്ഞദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് പ്രദേശവാസിയായ മറ്റൊരു യുവാവ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കൂട്ടമായെത്തുന്ന മയിലുകളും കുരങ്ങൻമാരും വ്യാപകമായ നാശനഷ്ടം ഉണ്ടാക്കുന്നുണ്ട്.


വൻ കൃഷിനാശമാണ് ഇവ വരുത്തുന്നത്. പകൽ ശല്യമുണ്ട്. രാത്രിയിലും പുലർച്ചയും പുറത്തിറങ്ങാൻ ജനം ഭയപ്പെടുന്നു. മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കാൻ അധികൃതർ മുന്നിട്ടിറങ്ങണം - വിനീത്, പ്രദേശവാസി, വെള്ളിമൺ വെസ്റ്റ്

കഷ്ടിച്ചാണ് മുള്ളൻപന്നി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായി കൂട്ടത്തോടെയാണ് റോഡ് മുറിച്ച് കടന്നത്. വെട്ടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും ഒരു മുള്ളൻപന്നിയിൽ ഇടിച്ച് മറിയുകയായിരുന്നു. മുള്ളൻപന്നിയുടെ മുള്ള് കാലിൽ തറച്ച് കയറിയിരുന്നു - സുജിത്ത് , മുള്ളൻപന്നി ആക്രമണത്തിൽ പരിക്കേറ്റയാൾ