പുനലൂർ: മുക്കടവ് ആളുകേറാ മലയിലെ റബർ തോട്ടത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപകമാക്കി. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇടത് കാലിന് സ്വാധീനം ഇല്ലാത്ത മദ്ധ്യവയസ്കനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമുള്ള മിസിംഗ് കേസുകൾ പരിശോധിച്ചുവരികയാണ്.

സംഭവം നടന്ന സ്ഥലത്തെ കുറിച്ച് നല്ലതുപോലെ അറിയാവുന്ന ആളും കൃത്യത്തിൽ പങ്കെടുത്തുവെന്ന സാദ്ധ്യതയും തള്ളിക്കളയുന്നില്ല. അതിനാൽ പ്രദേശത്തും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സി.വൈ.എസ്.പി ടി.ആർ.ജിജുവിന്റെ നേതൃത്വത്തിൽ പുനലൂർ, ഏരൂർ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ അടക്കമുള്ള ഇരുപതോളം പേരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഡിവൈ.എസ്.പിയെ അറിയിക്കാം

പൊലീസിൽ റിപ്പോർട്ട് ചെയ്തതോ അല്ലാത്തതോ ആയ കേസുകൾ സംബന്ധിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 9497960699 എന്ന നമ്പരിൽ ഡിവൈ.എസ്.പിയെ ബന്ധപ്പെടാം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ വലിയ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് മരത്തിൽ ബന്ധിച്ച് ജീർ‌ണിച്ച നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ബാഗ്, കത്രിക, കന്നാസ്, കുപ്പി എന്നിവ കണ്ടെടുത്തു. കൊലപാതക ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കാനും ശ്രമിച്ചു.