മൺ​റോത്തുരുത്തുകാരുടെ രണ്ടര മാസത്തെ ദുരി​തത്തി​ന് അറുതി​

കൊല്ലം: പെരുമൺ- പേഴുംതുരുത്ത് ജങ്കാർ സർവീസ് ഈമാസം 30ന് പുനരാരംഭിക്കും. എൻജിൻ തകരാറിനെ തുടർന്ന് രണ്ടരമാസം മുൻപാണ് മൺറോത്തുരുത്തുകാരെ ദുരിതത്തിലാക്കി ജങ്കാർ സർവീസ് നിലച്ചത്.

എൻജിൻ പണി​ മുടക്കുന്നതി​ന് രണ്ടാഴ്ച മുൻപ് പേഴുംതുരുത്ത് ബോട്ട് ജെട്ടിക്ക് സമീപത്തെ തെങ്ങിൻകുറ്റിയിൽ തട്ടി ഫൈബർ ബോഡി തകർന്നിരുന്നു. തുടർച്ചയായ അറ്റകുറ്റപ്പണികൾ കരാറുകാരന് താങ്ങാൻ കഴിയാത്ത അവസ്ഥയായി. ഇതോടെ സർവീസ് ആരംഭിക്കുന്നത് നീണ്ടു. ജങ്കാറിന് കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ ജെട്ടിയുടെ ഭാഗത്തെ ചെളിയും മണലും രണ്ട് ദിവസത്തിനകം നീക്കാനും ഇന്നലെ പനയം പഞ്ചായത്തിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചു.

പെരുമണിൽ നിന്ന് മൺറോത്തുരുത്തിലെ പേഴുംതുരുത്തിലേക്കാണ് വർഷങ്ങളായി ജങ്കാർ സർവീസ് നടത്തിയിരുന്നത്. പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ചതോടെ സർവീസ് പട്ടംതുരുത്തിലേക്ക് മാറ്റി. അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയായതോടെ സർവീസ് ജൂലായ് പകുതിയോടെ പേഴുംതുരുത്തിലേക്കായി​. പട്ടംതുരുത്തിലേക്ക് കൂടുതൽ ദൂരമുണ്ട്. അതി​നാൽ ജങ്കാറിന്റെ ഇന്ധന ചെലവ് കൂടുതലായിരുന്നു. പേഴുംതുരുത്ത് ഭാഗത്ത് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തി​യാകാറായി​. ഇതിന് പുറമേ ഈ ഭാഗത്തെ ജെട്ടിയും ബലപ്പെടുത്തി. ഇതോടെയാണ് പേഴുംതുരുത്തിലേക്ക് സർവീസ് മാറ്റിയിരിക്കുന്നത്.

നേരത്തെ മൺറോത്തുരുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്ന ജങ്കാർ സർവീസ് നിലച്ചതോടെയാണ് പനയം പഞ്ചായത്ത് സർവീസ് ഏറ്റെടുത്തത്.

....................................

 കൊല്ലത്തേക്ക് എത്താനുള്ള എളുപ്പമാർഗ്ഗം
 ജങ്കാർ ഇല്ലെങ്കിൽ 5 കിലോമീറ്റർ ചുറ്റിത്തിരിയണം
 ശാസ്താംകോട്ടയിലേക്കുള്ള എളുപ്പവഴി

 ആശ്രയിക്കുന്നത് നൂറുകണക്കിന് പേർ